റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരകൃത്യങ്ങള്‍- കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട ഞെട്ടിക്കുന്ന കണക്കുകള്‍

October 15, 2020 - 1:44 am

ന്യൂഡല്‍ഹി: രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ക്രൂരകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടു. സ്ത്രീകൾക്കെതിരെയുള്ള ക്രൂരകൃത്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനങ്ങളിൽ മുൻഗണനാ സ്ഥാനം ഉത്തർപ്രദേശിനാണ്. 2019 -ൽ 59,853 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യ അനുപാതം നോക്കുമ്പോൾ ആസാമിലാണ് ഏറ്റവും കൂടുതൽ. ഒരു ലക്ഷം സ്ത്രീകളെയെടുത്താൽ 177.8 പേർ അക്രമത്തിന് ഇരയായിട്ടുണ്ട്. രാജ്യത്തെ മുഴുവൻ കണക്കെടുത്താൽ പോലും ഇത്രയ്ക്ക് ഇല്ല. രാജ്യത്ത് ഒരു ലക്ഷം സ്ത്രീകളിൽ 62.4 പേരാണ് ക്രൂരതക്ക് ഇരയായിട്ടുള്ളത്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളില്‍ 2019-ല്‍ രജിസ്റ്റർ ചെയ്ത കേസുകൾ എടുത്താൽ അതിൻറെ 30.9 ശതമാനവും ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരതയ്ക്ക് ഇരയായവരുടെ പരാതികളിൽ എടുത്തവയാണ്. 21.8 ശതമാനം കേസുകളും സ്ത്രീകളുടെ ചാരിത്ര്യം നശിപ്പിക്കുന്നതിന് വേണ്ടി നടത്തിയ അക്രമങ്ങൾക്കെതിരെയാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസുകളാണ് 17.9 ശതമാനവും. 7.9 ശതമാനം വ്യഭിചാര കേസുകളാണ്.

ഇതിലും ഭയാനകമാണ് കുട്ടികൾക്കെതിരെയുണ്ടായ കുറ്റകൃത്യങ്ങളുടെ കണക്കുകൾ. 2019 -ൽ മാത്രം രജിസ്റ്റർ ചെയ്ത കേസുകൾ എടുത്താൽ 2018 – നേക്കാളും 4.5% ഇരട്ടിയാണ്. കുട്ടികൾക്കെതിരെ നടന്ന അക്രമങ്ങൾക്കെതിരെ 1.48 ലക്ഷം കേസുകളാണ് 2019 – ൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി വിവാഹം കഴിപ്പിച്ച പ്രായപൂർത്തിയാകാത്ത കുട്ടികൾ 15,787 പേരാണ്. കുട്ടികളെ കച്ചവടം നടത്തിയ കേസുകൾ 26 എണ്ണം. 4977 കുട്ടികൾ ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. 3189 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വ്യഭിചാരത്തിന് ഉപയോഗിച്ചിട്ടുണ്ട്.

ബലാൽസംഗ കേസുകൾ മാത്രം നോക്കിയാൽ രാജസ്ഥാനിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 5,997കേസുകൾ . രണ്ടാം സ്ഥാനം ഉത്തർ പ്രദേശിന് 3065 കേസുകൾ . മൂന്നാമത് നിൽക്കുന്നത് മധ്യപ്രദേശ് ആണ്. 2485 കേസുകൾ.

ഈ കണക്കുകൾ നോക്കുമ്പോൾ ഓരോ 73 മിനിറ്റിലും ഒരു സ്ത്രീ സ്ത്രീധനപീഡനത്തിന് ഇരയാകുന്നുണ്ട്. 30 മണിക്കൂറിൽ ഒരാൾ കൂട്ടബലാത്സംഗത്തിനും മരണത്തിനും ഇരയാകുന്നു. ഓരോ 16 മിനിറ്റിലും ഒരു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. നാലു മിനിറ്റിൽ ഒരാളാണ് ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തിന് ഇരയാകുന്നത്. ഓരോ 52 മണിക്കൂറിലും ഒരു ആസിഡ് അറ്റാക്ക് . നാലു മണിക്കൂർ കൂടുമ്പോൾ ഒരാൾ തട്ടിക്കൊണ്ടുപോകപ്പെടുന്നു. രണ്ട് മണിക്കൂറിൽ ഒരാൾ ബലാത്സംഗ ശ്രമത്തിന് വിധേയയാകുന്നു.

ഓരോ വർഷവും ഈ കണക്കുകൾ വർദ്ധിച്ചുവരികയാണ്. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ കണക്കുകൾ മാത്രമാണ് ഇത്. ഇതിലും എത്രയോ ഇരട്ടി അറിയപ്പെടാതെ പോകുന്നു. പരാതി രജിസ്റ്റർ ചെയ്യുന്നതിനു വേണ്ടി രാത്രി മുഴുവനും പോലീസ് സ്റ്റേഷനു മുൻപിൽ കാവലിരുന്ന സ്ത്രീകളുണ്ട്. സംരക്ഷണം ലഭിക്കേണ്ട വീടുകളിലോ വിവരം അഭ്യസിക്കുന്ന സ്കൂളുകളിലോ കുട്ടികൾ സുരക്ഷിതരല്ല. കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന വ്യത്യാസം, ദേഹാസ്വസ്ഥ്യം എന്നിവ പ്രത്യക്ഷത്തിൽ വരുമ്പോൾ കൗൺസിലിങ് വഴിയാണ് ആണ് പല കേസുകളും പുറത്തുവരുന്നത്. ചെറുപ്രായത്തിൽ ബന്ധുക്കളുടെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പീഡനത്തിൽ ഗർഭിണികൾ ആകുന്ന കുട്ടികളും വിരളമല്ല.

ഇത്തരം ക്രൂരകൃത്യങ്ങൾ തടയുന്നതിനുവേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാർശ ചെയ്യുന്ന ചില നടപടികൾ ഇപ്രകാരമാണ്.

  • സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്ന സംവിധാനം സുഗമമാക്കുക.
  • കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥന്മാരെ നിയമിക്കുക.
  • രാത്രികാലങ്ങളിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കുക, വഴിവിളക്കുകൾ തെളിയിക്കുക, ആത്മ രക്ഷയ്ക്ക് വേണ്ട പരിശീലനങ്ങൾ നൽകുക
  • അതിവേഗ കോടതികൾ സ്ഥാപിക്കുക.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *