ന്യൂഡല്‍ഹി: ലഡാക്ക് ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന് ചൈന.അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് ചൈനയുടെ പ്രകോപനപരമായ പ്രസ്താവന. ചൊവ്വാഴ്ച(13/10/2020) രാജ്‌നാഥ് സിംഗ് ലഡാക്കില്‍ 44 പാലങ്ങള്‍ ഉത്ഘാടനം ചെയ്തതാണ് ചൈന ചോദ്യം ചെയ്യുന്നത്. ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് മൂല കാരണമെന്നും ചൈന വ്യക്തമാക്കി.അതേസമയം, കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും സൈനികരെ പിരിച്ചു വിടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ-ചൈന സൈനിക മേധാവികള്‍ ചുഷുളില്‍ ചര്‍ച്ച നടത്തി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ചൈനയുടെ പ്രസ്താവന വന്നിരിക്കുന്നത്.
ജൂണ്‍ 6 നാണ് കോര്‍പ്‌സ് കമാന്‍ഡര്‍ ചര്‍ച്ചയുടെ ആദ്യ റൗണ്ട് നടന്നത്. ജൂണ്‍ 15 ന് നടന്ന ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളായി. ഇതില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ചൈനീസ് വിഭാഗത്തിനും നാശനഷ്ടമുണ്ടായെങ്കിലും ഇതുവരെ ഒരു വിവരവും നല്‍കിയിട്ടില്ല. അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്, ചൈനീസ് ഭാഗത്ത് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയിരുന്നു.



