ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം എത്ര ഗുരുതരമായാണ് ജീവലോകത്തെ സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ഒരു പഠനം കൂടി ഇന്ത്യയിൽ നിന്നും പുറത്തു വരുന്നു. കേന്ദ്ര വനം പരിസ്ഥിതി – കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഹിമാലയൻ ശലഭങ്ങളെക്കുറിച്ച് നടത്തിയ പഠനമാണ് ജീവിവർഗങ്ങൾക്കു മേലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ സ്വാധീനത്തെ കുറിച്ച് വെളിപ്പെടുത്തുന്നത്.
ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും പുഴുക്കളുടെയും ആവാസ മാറ്റമായിരുന്നു പഠന വിഷയം. ഹിമാലയത്തിലെ ശലഭങ്ങൾ അവയുടെ പഴയ ആവാസമേഖല ഉപേക്ഷിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് മാറുകയാണെന്ന് പഠനം പറയുന്നു. വർദ്ധിക്കുന്ന താപനിലയും താഴ്വരകൾ വരണ്ടു തുടങ്ങിയതുമാണ് കൂടുതൽ ഉന്നതങ്ങളായ ഗിരിശൃംഗങ്ങളിലേക്ക് ആവാസം മാറ്റാൻ ശലഭങ്ങളെ പ്രേരിപ്പിക്കുന്നതത്രേ.
ഇന്ത്യയിലെ ആകെ ശലഭ – പുഴു ജാതികളുടെ 35 ശതമാനത്തിലധികവും ഹിമാലയൻ മേഖലയിലാണ്. തണുത്ത കാലാവസ്ഥയും ആർദ്രതയും സവിശേഷമായ സസ്യപ്രകൃതിയുമാണ് ഈ ശലഭ വൈവിധ്യത്തിന് നിദാനം. എന്നാൽ അന്തരീക്ഷ താപനില വർദ്ധിക്കുകയും കാലാവസ്ഥ തന്നെ മാറുകയും ചെയ്തതോടെ ചിത്ര ശലഭങ്ങളും നിശാശലഭങ്ങളും പുഴുക്കളും ആവാസം മാറ്റാൻ നിർബന്ധിതരായി.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനു വേണ്ടി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ഇസഡ് എസ് ഐ) നടത്തിയ സർവേയിൽ ആവാസം മാറ്റിയ 49 ഇനം പുഴുക്കളെയും 17 ഇനം ചിത്രശലഭങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. മുൻപ് ഇവയെ കണ്ടിരുന്ന പ്രദേശങ്ങളും ഇപ്പോൾ കാണുന്ന പ്രദേശങ്ങളും തമ്മിൽ രേഖപ്പെടുത്തിയ ഉയര വ്യത്യാസം 1,000 മീറ്ററോ അതിലധികമോ ആണ്.
ഏഴ് ഇനം ശലഭങ്ങൾ 2,000 മീറ്ററിലധികം ഉയരത്തിലേക്കാണ് ആവാസം മാറ്റിയത്. ഇവയിൽ പുഴു ഇനങ്ങളായ ട്രാക്കിയ ഓറിപ്ലെന (നോക്റ്റൂയിഡ), ആക്റ്റിയാസ് വിൻഡ്ബ്രെക്ലിനി (സാറ്റർനിഡേ), ഡിഫ്തറോകോം ഫാസിയാറ്റ (നോക്റ്റുയിഡേ) എന്നിവയുൾപ്പെടുന്നു. ഇവ യഥാക്രമം 2,800 മീറ്റർ, 2,684 മീറ്റർ, 2,280 മീറ്റർ എന്നിങ്ങനെയാണ് ആവാസം മാറ്റിയത്.
“കോമൺ മാപ്പ്, ടെയിൽലെസ് ബുഷ്ബ്ലൂ എന്നീ ചിത്രശലഭങ്ങൾ മുൻപ് 2,500 മീറ്റർ ഉയരത്തിൽ കാണുമായിരുന്നു. ഇപ്പോഴത്തെ സർവേയിൽ ഉത്തരാഖണ്ഡിലെ അസ്കോട്ട് വന്യജീവി സങ്കേതത്തിൽ 3,577 മീറ്റർ ഉയരത്തിലാണ് അവയെ കാണാനായത്.” സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ. കൈലാഷ് ചന്ദ്ര പറഞ്ഞു.
‘ഇന്ത്യൻ റെഡ് അഡ്മിറൽ ‘ ചിത്രശലഭങ്ങളെ മുൻപ് ലഡാക്കിലെ 3,900 മീറ്റർ ഉയരത്തിൽ കണ്ടെത്തിയിട്ടുണ്ട്; അവ ഇപ്പോൾ 4,853 മീറ്റർ ഉയരത്തിലാണ് കാണപ്പെടുന്നത്. ’’ ഡോ. ചന്ദ്ര പറഞ്ഞു.
2,000 മീറ്ററിൽ കാണപ്പെട്ടിരുന്ന മൾബറി സിൽക്ക് പുഴു, കടുവ പുഴു എന്നിവയുൾപ്പെടെ എട്ട് പുഴു ഇനങ്ങളെ ഇപ്പോൾ 3,500 മീറ്ററോ അതിൽ കൂടുതലോ ഉയരത്തിലാണ് കാണപ്പെടുന്നതെന്നും പഠനം കണ്ടെത്തി.
“കാലാവസ്ഥാ വ്യതിയാനം മൂലം ശലഭങ്ങളും പുഴുക്കളും ആവാസം മാറ്റുന്നതായി ലോകമെമ്പാടും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, ഇന്ത്യയിൽ നടന്ന ഈ പഠനം അത്തരം നിരീക്ഷണങ്ങളെ ശരിവയ്ക്കുകയാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, ഉത്തര ബംഗാൾ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 1,274 ഇനം പുഴുക്കളെയും 484 ഇനം ചിത്രശലഭങ്ങളെയും നാലുവർഷം നീണ്ടു നിന്ന പഠനത്തിൽ കണ്ടെത്തി. 80 പുതിയ ചിത്രശലഭങ്ങളെയും പുഴുക്കളെയും തിരിച്ചറിഞ്ഞിട്ടുമുണ്ട്.
1865 മുതൽ പല ജീവിവർഗങ്ങളുടെയും ചരിത്രപരമായ രേഖകൾ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കയ്യിൽ ഉള്ളതിനാലാണ് ആവാസമാറ്റം കൃത്യമായി മനസിലാക്കാനായത്.
ഹിമാലയത്തിലെ ഹിമപാതങ്ങളും ഹിമാനികളും കുറയുന്നതാണ് ഇത്തരം ജീവജാതികളുടെ ആവാസ മാറ്റത്തിന് കാരണമായി ഗവേഷകർ പറയുന്നത്. ശരാശരി താപനിലയിലെ വർധനയും സസ്യജാലങ്ങളുടെ വിതരണത്തിൽ വരുന്ന വ്യതിയാനവുമാണ് മറ്റൊരു കാരണം. ഹിമാലയത്തിലെ താഴ്ന്ന ഉയരങ്ങളിൽ കണ്ടിരുന്ന പല മരങ്ങളും കുറ്റിച്ചെടികളും ഇപ്പോൾ പർവതങ്ങളുടെ ഉന്നത ഭാഗങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്.
മനുഷ്യാധിവാസം വർദ്ധിക്കുന്നതും വർദ്ധിച്ച തോതിലുള്ള ടൂറിസവും ജീവികളുടെ പലായനത്തിന് കാരണമായിരിക്കാമെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.
“സമൃദ്ധമായ ചിത്രശലഭ വൈവിധ്യത്തിന്റെ രണ്ട് വലിയ ഹോട്ട്‌സ്‌പോട്ടുകളായിരുന്നു ഷിംലയും ഡാർജിലിംഗും. എന്നാൽ വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങൾ കന്യാവനങ്ങളിലേക്ക് അതിക്രമിച്ചു കയറിക്കൊണ്ടിരിക്കുന്നു. ചിത്രശലഭങ്ങൾക്കുള്ള ഇടങ്ങൾ വല്ലാതെ ചുരുങ്ങുകയും ചെയ്തു ’’ ഡോ ചന്ദ്ര പറഞ്ഞു.



