ന്യൂഡല്‍ഹി: ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന വ്യക്തിയുടെ മരണമൊഴി ഒരു കാരണവശാലും തള്ളരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഇരയുടെ മരണമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയില്ല, സാക്ഷികള്‍ ഒപ്പുവെച്ചില്ല തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് മരണമൊഴി വിട്ടുകളയരുതെന്നാണ് നിർദ്ദേശം. ഇത് പാലിച്ചില്ലെങ്കിൽ കർശന നടപടി നേരിടേണ്ടി വരുമെന്നും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തിൽ വ്യക്തമാക്കുന്നു. ബലാത്സംഗ കേസുകളില്‍ രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഹത്റസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രം നിർദ്ദേശവുമായെത്തിയത്.
ഇരയായ വ്യക്തിയുടെ സമ്മതത്തോടു കൂടി 24 മണിക്കൂറിനകം വൈദ്യപരിശോധന നടത്തണമെന്നും നിർദ്ദേശത്തിലുണ്ട്. ഹത്റസില്‍ 11 ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചത്. ഇതേ തുടർന്നാണ് ബലാത്സംഗം ചെയ്യുമെന്ന വാദവുമായി യു.പി പൊലീസും അധികൃതരും രംഗത്തുവന്നത്.
കൂടാതെ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ സി.ആര്‍.പി.സി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍റെ അധികാരപരിധിക്ക് പുറത്താണെങ്കില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കേസുകള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുകയും കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
1872 ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് പ്രകാരം, മരിച്ച ഒരാൾ എഴുതിയതോ വാക്കാലുള്ളതോ ആയ പ്രസ്താവന അന്വേഷണത്തിൽ പ്രസക്തമായ വസ്തുതയായി കണക്കാക്കപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്. ബലാൽസംഗക്കൊലപാതകങ്ങളിൽ ഈ വസ്തുത കൂടി പരിഗണിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.
ലൈംഗികാതിക്രമ കേസുകളിൽ ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും മാർഗനിർദേശങ്ങൾ എംഎച്ച്‌എയ്ക്ക് കീഴിലുള്ള ഫോറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റും പുറപ്പെടുവിച്ചിട്ടുണ്ട്.

