തിരുവനന്തപുരം: മലയാളികളെ സെക്‌സ് ചാറ്റില്‍ കുരുക്കി സാമ്പത്തിക തട്ടിപ്പിനിരയാക്കുന്ന രാജസ്ഥാന്‍ സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് ഹൈടേക് സെല്‍. രണ്ടുമാസത്തിനിടെ 25 ലധികം പേര്‍ക്ക് പണം നഷ്ടപ്പെട്ടതായി വിവരം ലഭിച്ചു. മാനക്കേട് ഭയന്ന് ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. പരാതിപ്പെടാത്തത് അന്വേഷണത്തിന് തടസമാണെന്ന് പോലീസ് പറയുന്നു. പരിചയക്കാരായ ചില പോലീസുകാരോട് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമൂഹത്തില്‍ ഉയര്‍ന്ന പദവിയുളളവരും സമൂഹ മാധ്യമങ്ങളില്‍ സജീവരായിരിക്കുന്നവരുമാണ് തട്ടിപ്പിനിരയാകുന്നത്. സാധാരണക്കാരാരും ഇതുവരെ ഈ തട്ടിപ്പില്‍ പെട്ടിട്ടില്ലന്നാണ് അറിയുന്നത്. കേരളാ പോലീസിന് ലഭിച്ച വിവരങ്ങള്‍ രാജസ്ഥാന്‍ പോലീസിന് കൈമാറി. ഫോണ്‍ നമ്പരുകളും അക്കൗണ്ടുകളുടെ വിവരങ്ങളുമാണ് കൈമാറിയിട്ടുളളത്. ഒഎല്‍ എക്‌സ് മാതിരിയുളള സൈറ്റുകള്‍ വഴി തട്ടിപ്പുനടത്തുന്ന സംഘങ്ങള്‍ രാജസ്ഥാനില്‍ സജീവമാണെന്ന് അവിടത്തെ പോലീസ് കേരളാ പോലീസിനെ അറിയിച്ചു.
കേരളാ കേഡറിലെ ഐപിഎസ് കാരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി തട്ടിപ്പുനടത്തിയതും രാജസ്ഥാന്‍ ഹരിയാന സംഘമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐജി വിജയന്‍ അടക്കമുളളവരുടെ പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്.
സമൂഹമാധ്യമങ്ങളില്‍ വരുന്ന സൗഹൃദ റിക്വസ്റ്റോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. സൗഹൃദമായി കഴിഞ്ഞാല്‍ വീട്ടുകാര്യങ്ങളും സുഹൃത്തുക്കളേയും കുറിച്ചൊക്കെ മനസിലാക്കും .കുറച്ചു കഴിയുമ്പോള്‍ വാട്‌സാപ്പ് നമ്പര്‍ ആവശ്യപ്പെട്ട് അതിലൂടെ ചാറ്റുചെയ്യും. പിന്നെ അത് സെക്‌സ് ചാറ്റിലേക്ക് മാറും. നഗ്നരായി ചാറ്റിംഗിന് ക്ഷണിക്കും. ഏര്‍പ്പെട്ടാല്‍ ദിവസങ്ങള്‍ക്കകം ഭീഷണിയെത്തിയിരിക്കും. നഗ്ന വീഡിയോ യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞായിരിക്കും ഭീഷണി. ഭീഷണിക്ക് വഴങ്ങാത്തവര്‍ക്ക് നഗ്ന വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് അയച്ചുകൊടുക്കും. ഇതോടെ പണം കൊടുത്തുതുടങ്ങും മലയാളികള്‍ ആരും തട്ടിപ്പുസംഘത്തില്‍ ഇല്ലെന്നാണ് ഇതുവരെയുളള വിവരം. രാജസ്ഥാന്‍ അടക്കമുളള സ്ഥലങ്ങളിലുളളവരാണെന്ന് ഹൈടെക്ക് സെല്‍ അഡീഷണല്‍ എസ്പി. ഈഎസ് ബിജുമോന്‍ പറഞ്ഞു.



