ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഡോക്ടര്‍ കഫീല്‍ ഖാനും ഭാര്യയും സന്ദര്‍ശിച്ചു. തന്റെ ജയില്‍ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പ്രിയങ്കക്ക് ഇരുവരും നന്ദി അര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇനിയും വേട്ടയാടുമെന്ന ഭയം പുലര്‍ത്തിയ ഡോക്ടര്‍ കഫീല്‍ ഖാനും കുടുംബത്തിനും താമസിക്കാനായി പ്രിയങ്ക ഇവര്‍ക്ക് രാജസ്ഥാനില്‍ സുരക്ഷിതമായ താമസ സ്ഥലം ഒരുക്കിയിരുന്നു. ഇതിനു കൂടി നന്ദി പറയാനാണ് ഇരുവരും എത്തിയത്. 2017ല്‍ ഗോരഖ്പുരിലെ ബി.ആര്.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തെ വിമര്‍ശിച്ചതിന്റെ പേരില്‍, യു.പി സര്‍ക്കാര്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു
ദേശസുരക്ഷ നിയമമനുസരിച്ചാണ് ഉത്തര്‍പ്രദേശ് പൊലീസ് ഡോക്ടര്‍ കഫീല്‍ ഖാനെ ജയിലിലടച്ചത് . ഇത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയും കഫീല്‍ ഖാന് വേണ്ടി ശബ്ദമുയര്‍ത്തി. തുടര്‍ന്നാണ് കഫീല്‍ ഖാനെ മോചിപ്പിച്ചത്.



