ന്യൂഡല്‍ഹി: തനിച്ച് കാറോടിച്ചു പോകുമ്പോള്‍ മാസ്‌ക്ക് ധരിച്ചില്ലെന്ന പേരില്‍ 500 രൂപ പിഴയിട്ട പോലീസ് നടപടിയ്‌ക്കെതിരേ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു. 17-09-2020, വ്യാഴാഴ്ച ജസ്റ്റീസ് നവീന്‍ ചാവ്ളയുടെ സിങ്കിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ സൗരഭ് ശര്‍മയാണ് ഡല്‍ഹി പൊലീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിഴയടച്ച അഞ്ഞൂറു രൂപയ്ക്ക് പുറമേ മാനസിക പീഡനത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരവും വേണമെന്നാണ് ആവശ്യം.
കേസിൽ അഭിഭാഷകരായ കെ സി മിത്തൽ, ജോബി വർഗ്ഗീസ്, യുഗേഷ് മിത്തൽ എന്നിവർ ഹാജരായി.
പരാതിയില്‍ കേന്ദ്ര സര്‍ക്കാറിനോടും ഡല്‍ഹി സർക്കാറിനോടും വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണ് ഇതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കേസ് നവംബര്‍ എട്ടിന് വീണ്ടും പരിഗണിക്കും.
2020 സെപ്റ്റംബര്‍ ഒന്‍പതിന് ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു വരുന്നതിനിടെയാണ് പോലീസ് തടഞ്ഞു നിര്‍ത്തി പിഴ ആവശ്യപ്പെട്ടത്. ഒറ്റയ്ക്കു യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഡ്വ. ഫര്‍മാന്‍ അലി മ്രേഗ ഇക്കാര്യം സമ്മതിച്ചു. സ്വകാര്യ വാഹനം പൊതു ഇടമല്ല. പൊതു സ്ഥലത്തും തൊഴിലിടത്തിലും മാസ്‌ക് ധരിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശമെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ വാദിച്ചു. പൊതു നിരത്തില്‍ ഓടുന്ന സ്വകാര്യ വാഹനങ്ങള്‍ പൊതു ഇടം തന്നെയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ മറുവാദം. അതിനാല്‍ പൊതു ഇടത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ആദ്യ തവണ അഞ്ഞൂറു രൂപയും ആവര്‍ത്തിച്ചാല്‍ ആയിരം രൂപയും പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ടെന്നും അതോറിറ്റി അഭിഭാഷകന്‍ വാദിച്ചു.
