കൊല്ലം: സ്വര്‍ണ്ണ കടത്തുകേസില്‍ കുറ്റാരോപിതനായ മന്ത്രി ജലീല്‍ രാജിവെക്കണമന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് നടത്തിയ കളക്ട്രേറ്റ് മാര്‍ച്ചിനുനേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇന്നലെ ഉച്ചയോടെ ആശ്രാമം ലിങ്ക് റോഡ് പരിസരത്തുനിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ കളക്ട്രേറ്റിന്‍റെ പ്രധാന കവാടത്തില്‍ ബാരിക്കേടുകള്‍ സ്ഥാപിച്ച് പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ട്രേറ്റ് കവാടം ഉപരോധിച്ച് നടത്തിയ പ്രതിഷേധം കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീര്‍ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തിനുശേഷം പ്രവര്‍ത്തകര്‍ ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്നുറൗണ്ട് ജലപീരങ്കി പ്രയോഗിച്ച ശേഷവും പ്രവര്‍ത്തകര്‍ സംഘടിതരായി തിരികെയെത്തി. ഇതോടെ ഒന്നിനുപിറകേ ഒന്നായി മൂന്ന് ഗ്രനേഡുകള്‍ പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് എറിഞ്ഞു. ഇതില്‍ രണ്ടെണ്ണം ഉഗ്രശബ്ദത്തോടെ പൊട്ടുകയും രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
ജില്ലാ പ്രസിഡന്‍റ് ആര്‍ അരുണ്‍രാജ്, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍രുമാരായ ആര്‍,വി സ്‌നേഹ, എസ് ജെ പ്രേംരാജ്, ജനറല്‍ സെക്രട്ടറിമാരായ ദിനേശ് ബാബു.ആര്‍എസ് അബിന്‍,ഫൈസല്‍ കുളപ്പാടം ,സെക്രട്ടറിമാരായ വിഷ്ണു സുനില്‍, പന്തളം ,കുരുവിള ജോസഫ് ,പിഎസ് അനുതാജ് എന്നിവര്‍ പങ്കെടുത്തു.



