റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കായി പ്രഭാത യാത്രയും കൂട്ടുകൃഷിയുമൊരുക്കി അരിക്കുഴ ഗവ. സ്‌കൂള്‍

September 14, 2020 - 12:25 pm

ഇടുക്കി: അരിക്കുഴ ഗവണ്‍മെന്റ് സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ നേതൃത്വത്തില്‍ വിഷ രഹിത ഭക്ഷണം, ആരോഗ്യമുള്ള കുടുംബം, സംതൃപ്തമായ ജീവിതം എന്ന മുദ്രാവാക്യവുമായി പ്രഭാത യാത്രയും കാര്‍ഷിക വൃത്തിയും സംഘടിപ്പിച്ചു. ജീവിതശൈലീ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ ആരോഗ്യകരമായ വ്യായാമശീലത്തിലേക്ക് ഓരോരുത്തരും കടന്നുപോവുക എന്ന ആശയമാണ് പ്രഭാത നടത്തത്തിലൂടെയുള്ള കൃഷി രീതി വഴി ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ അരിക്കുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, അനദ്ധ്യാപകര്‍ എന്നിവരുടെ വീടുകളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. ഇതിനായി വീടുകളെ 10 കുടുംബങ്ങളുള്ള ബാച്ചുകളായി തിരിച്ച് പരസ്പര സഹായത്തോടെയുള്ള കൂട്ടുകൃഷി രീതിയാണ് നടത്തുന്നത്. കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഓരോ ബാച്ചിന്റെയും നേതൃത്വത്തില്‍ ഓരോ മണിക്കൂര്‍ വീതം പ്രഭാത നടത്തവുമുണ്ടാകും. പദ്ധതിയുടെ ഭാഗമായി നൂതന കൃഷി രീതികളും കാര്‍ഷിക അറിവുകളും പങ്ക് വക്കുന്നതിനായി എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച്ച സ്‌കൂളില്‍ വച്ച് കൂട്ടായ്മയും നടത്തും. കൃഷി രംഗത്തുള്ള വിദഗ്ദ്ധരുടെ ക്ലാസുകളും ഈ കൂട്ടായ്മയിലുണ്ടാവും. ഇതിലൂടെ സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാവരുടേയും വീടുകളില്‍ ഭക്ഷ്യ സ്വയം പര്യാപ്തത യാഥാര്‍ഥ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.  2021 ഓണത്തിന് എല്ലാ വീടുകളിലേക്കും ആവശ്യമുള്ള പച്ചക്കറി ഇതിലൂടെ ഉദ്പാദിപ്പിക്കാനാവുമെന്നും സംഘാടകര്‍ കണക്ക് കൂട്ടുന്നു.

കോവിഡ് മാനദണ്ഡപ്രകാരം അരിക്കുഴ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ആദ്യ ദിന പ്രഭാത നടത്തം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സി.കെ. ലതീഷ് അധ്യക്ഷനായി. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് മണക്കാട് ഗ്രാമപഞ്ചായത്തംഗം ശോഭന രമണന്‍ പച്ചക്കറി വിത്ത് വിതരണം ചെയ്തു. തൊടുപുഴ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബൈജു. പി.ബാബു തൈ നടീലിനു തുടക്കം കുറിച്ചു. സജിത്ത് ദാസ് പി.ഡി കാര്‍ഷിക ക്ലാസ് നയിച്ചു. എസ്.എം.സി. ചെയര്‍മാന്‍ അനീഷ് പി.എന്‍, പി.ടി.എ. കമ്മിറ്റി അംഗങ്ങളായ കെ.എന്‍. ഗോപി, റ്റിജോ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ജിജിമോള്‍ വി.കെ. സ്വാഗതവും സിസി .കെ .ജോസഫ് നന്ദിയും പറഞ്ഞു. കര്‍ഷകനും അദ്ധ്യാപകനുമായ ബിജു അഗസ്റ്റ്യന്‍ പദ്ധതിയുടെ മെന്ററായി പ്രവര്‍ത്തിക്കും.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7830/Arikkuzha-government-school.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *