അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിര്‍ത്തിവെച്ച സേവനങ്ങള്‍ 14 മുതല്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നു

ആലപ്പുഴ: കോവിഡ് 19 സാമൂഹിക വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ നിര്‍ത്തിവെച്ചിരുന്ന സേവനങ്ങള്‍ സെപ്തംബര്‍ 14 മുതല്‍  പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. 

ഇതിന്റെ ഭാഗമായി എല്ലാ ഒ. പി കളും നേരത്തെയുണ്ടായിരുന്ന ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. സമയം രാവിലെ  9 മുതല്‍ രാവിലെ 11 വരെ മാത്രം. അപകടത്തില്‍പെട്ട് വരുന്നവരുടെ ഓപ്പറേഷനും ക്യാന്‍സര്‍ രോഗികളുടെ ഓപ്പറേഷനും നേരത്തെ നിലനിന്നിരുന്ന സംവിധാനത്തില്‍ പുനരാരംഭിക്കും. കീമോതെറാപ്പി, റേഡിയോതെറാപ്പി, ഡയാലിസിസ് എന്നിവ നിയന്ത്രിതമായി പുനരാരംഭിക്കും. രോഗികള്‍ ടെലിഫോണിക്ക്  കണ്‍സള്‍ട്ടേഷന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്. ഒ. പി, ലാബ്, ഫാര്‍മസി എന്നിവിടങ്ങളിലെല്ലാം കൃത്യമായ സാമൂഹിക അകലം പാലിക്കേണ്ടതാണ്. ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയും മാസ്‌ക് നിര്‍ബന്ധമായി ധരിക്കുകയും ചെയ്യേണ്ടതാണ്.  ഒരു സ്ഥലത്തും കൂട്ടംകൂടി നില്‍ക്കുവാന്‍ അനുവദിക്കില്ല. പരിശോധന മുറിയില്‍ ഒരു സമയം ഒരു രോഗിയെ മാത്രമെ അനുവദിക്കൂ. ഒരു രോഗിയുടെ കൂടെ ഒരാളെ മാത്രമെ അനുവദിക്കൂ.  കൂടാതെ രോഗി സന്ദര്‍ശനം കര്‍ശനമായി മെഡിക്കല്‍ കോളേജില്‍  നിരോധിച്ചു. തുടര്‍ച്ചയായി മരുന്നുകള്‍  കഴിക്കുന്നവര്‍ ബന്ധുക്കള്‍ മുഖാന്തരം ബുക്ക് /ചീട്ട് കൊടുത്തു വിട്ടാല്‍ 2 മാസത്തേക്ക് മരുന്നുകള്‍ നല്‍കും. മാനസിക രോഗത്തിനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ ഡോക്ടറെ കാണിച്ച് കുറിപ്പടി പുതുക്കേണ്ടതാണ്. സാധാരണ മരുന്നുകള്‍ക്ക് ഇത് ബാധകമല്ലെന്നും  അത്തരം മരുന്നുകള്‍ ഫാര്‍മസിയില്‍ നിന്ന് നേരിട്ട് വാങ്ങാവുന്നതാണെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7778/Alappuzha-medical-college.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *