തിരുവനന്തപുരം: 06-09-2020 ഞായറാഴ്ച നടത്തിയ ആന്റിജന്‍ പരിശോധനയിൽ സംസ്ഥാന ധന വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ ആർക്കും രോഗം കണ്ടെത്തിയിട്ടില്ല.ഉറവിടം എവിടെ നിന്ന് എന്ന് വ്യക്തമല്ല. ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയെ പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
04-09-2020, വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തോമസ് ഐസക് നൊപ്പം എ കെ ജി സെൻററിൽ ഉണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള എന്നിവർ സ്വയം നിരീക്ഷണത്തിൽ പോയി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെല്ലാം നിരീക്ഷണത്തിൽ പ്രവേശിച്ചു. അണുനശീകരണത്തിന് ഭാഗമായി ധനമന്ത്രിയുടെ ഓഫീസ് നാളെ പ്രവർത്തിക്കില്ല.
സംസ്ഥാനത്തെ ഞായറാഴ്ച 3082 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2844 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.പത്ത് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.



