ന്യൂയോർക്ക് :പടിഞ്ഞാറൻ ന്യൂയോർക്കിലെ റോച്ചസ്റ്ററിൽ 7 മാസം മുൻപ് നടന്ന ഒരു കറുത്തവർഗക്കാരൻ്റെ മരണം അമേരിക്കയിൽ വീണ്ടും ചൂടേറിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.
2020 മാർച്ച് 30 നാണ് ഡാനിയൽ പ്രൂദേ എന്ന 41 കാരൻ ആശുപത്രിയിൽ വച്ച്
മരണപ്പെടുന്നത്. നഗ്നനായി റോഡിലൂടെ ഓടിയ ഇയാളെ മാർച്ച് 23 ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുമ്പോൾ പൊലീസ് നടത്തിയ ബലപ്രയോഗമാണ് മരണത്തിനു കാരണമെന്നാണ് ഇപ്പോൾ ബന്ധുക്കൾ ആരോപിക്കുന്നത്.
ഡാനിയേലിനെ പൊലീസ് പിടികൂടുന്ന വീഡിയോ വാർത്താസമ്മേളനത്തിൽ ബന്ധുക്കൾ പുറത്തു വിട്ടു. പോലീസ് ഇദ്ദേഹത്തെ പിടികൂടുന്നതും കൈ പിന്നിൽ ബന്ധിക്കുന്നതും തുപ്പുന്നതു തടയാനുള്ള തലയും മുഖവും മൂടുന്ന ആവരണം ധരിപ്പിക്കുന്നതും മുഖം നടപ്പാതയിൽ അമർത്തിപ്പിടിക്കുന്നതും വീഡിയോയിലുണ്ട് . ‘നിങ്ങൾ എന്നെ കൊല്ലുകയാണോ ‘ എന്ന് ഇയാൾ ചോദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. തുടർന്ന് മെഡിക്കൽ സംഘമെത്തി മുഖാവരണം നീക്കി കൃത്രിമ ശ്വാസോച്ഛ്വാസം നൽകി ആംബുലൻസിൽ കൊണ്ടുപോകുന്നതും കാണാം.
മാനസികാസ്വാസ്ഥ്യമുള്ള സഹോദരൻ വീടിനു പുറത്തേക്ക് ഓടിപ്പോയി എന്ന വിവരം ഡാനിയേലിൻ്റെ സഹോദരൻ ജോയ് പ്രൂദേ പോലീസിനെ അറിയിക്കുകയായിരുന്നു.
തൻ്റെ സഹോദരനെ രക്ഷിക്കാനാണ് താൻ പോലീസിനെ വിളിച്ചതെന്നും അല്ലാതെ വധിക്കാൻ അല്ലെന്നും ജോയ് പ്രൂദേ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശ്വാസതടസ്സം മൂലം ഉണ്ടായ പ്രശ്നങ്ങളാണ് ഇദ്ദേഹത്തിൻ്റെ മരണത്തിനു കാരണമെന്നാണ് ഡോക്റ്റർമാർ വ്യക്തമാക്കിയിട്ടുള്ളത്. മരണം നടന്നത് പോലീസ് കസ്റ്റഡിയിലാണ് എന്നതിനാൽ ഏപ്രിൽ മാസം തന്നെ സ്റ്റേറ്റ് അറ്റോർണി ജനറൽ
അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കുടുംബം പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വീഡിയോ പുറത്ത് വിട്ടത്.
വീഡിയോ പുറത്തുവന്നതോടെ അമേരിക്കയിൽ പലയിടങ്ങളിലും പ്രതിഷേധങ്ങൾ അരങ്ങേറി. സംഭവം ഞെട്ടലുളവാക്കുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും റോച്ചസ്റ്റർ മേയർ ലൗലി വാറൻ പറഞ്ഞു.
ജോർജ് ഫ്ലോയിഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ പൂർണ്ണമായും കെട്ടടങ്ങുന്നതിനിടെയാണ് അമേരിക്കൻ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ പുതിയ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

