റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമരാവതി: ആന്ധ്രാ പ്രദേശിന് മൂന്ന് തലസ്ഥാനങ്ങളായി. അമരാതി, വിശാഖ പട്ടണം, കര്‍ണൂല്‍ എന്നിവയെ തലസ്ഥാനങ്ങളായി അംഗീകരിക്കുന്ന ബില്ലിന്
ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന്‍ അംഗീകാരം നല്‍കി. നിയമസഭ അമരാവതിയിലും സെക്രട്ടറിയേറ്റ് വിശാഖപട്ടണത്തും ഹൈക്കോടതി കര്‍ണൂലിലുമാണ് ഉണ്ടാവുക. ഇതോടെ മൂന്ന് തലസ്ഥാനങ്ങളുള്ള സംസ്ഥാനമായി രാജ്യ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ആന്ധ്ര പ്രദേശ്.

ടി.ഡി.പി നേതൃത്വം നല്‍കിയ കഴിഞ്ഞ സര്‍ക്കാരാണ് അമരാവതി തലസ്ഥാനമാക്കാന്‍ തീരുമാനിച്ചത്. 2000 ഏക്കര്‍ മേഖലയില്‍ ഏറ്റെടുത്ത് തലസ്ഥാന വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇവിടെ ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ ബന്ധുക്കള്‍ സ്ഥലം സ്വന്തമാക്കിയെന്നും വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണം. തുടര്‍ന്നാണ് ആന്ധ്രയിലെ പ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് തലസ്ഥാനങ്ങള്‍ എന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

വര്‍ഷത്തില്‍ 40 ദിവസത്തില്‍ താഴെ മാത്രമാണ് നിയമസഭ സമ്മേളിക്കുന്നത് എന്നതിനാല്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വിശാഖപട്ടണമായിരിക്കും പ്രധാന ഭരണകേന്ദ്രം. ഗവര്‍ണര്‍ ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും ഇവയ്ക്കെതിരെ അമരാവതിയിലെ കര്‍ഷകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി വിധി വന്നതിനു ശേഷം മാത്രമേ ബില്‍ നിലവില്‍ വരികയുള്ളൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *