ധക്ക: രാവിലെ സൈക്കിളില്‍ കോളേജില്‍ പോവുകയും തീവ്രവാദ സംഘത്തിന്റെ ഭാഗമായി മതം മാറി അറസ്റ്റിലാവുകയും ചെയ്ത മകളെ നിയമം അനുശാസിക്കുന്ന മുറയ്ക്ക് ശിക്ഷിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെ പ്രഗ്യാ ദേബ്‌നാഥ് എന്ന യുവതിയാണ് മതം മാറി അയേഷ ജന്നത്ത് മോഹന എന്ന പേര് സ്വീകരിച്ചത്. ബംഗ്ലാദേശിലെ തീവ്രവാദ സംഘടനയായ ജമാത്ത് ഉല്‍ മുജാഹിദീന്‍ എന്ന സംഘടനയുടെ പിടിയിലാണ് മകളെന്നും തീവ്രവാദ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും മാതാവ് ഗീത ആവശ്യപ്പെട്ടു.
അയേഷ ജന്നത്ത് മോഹന എന്ന യുവതി തീവ്രവാദ പ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ നാട്ടുകാര്‍ അമ്പരന്നുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ പ്രഗ്യയാണതെന്ന് അവര്‍ തിരിച്ചറിഞ്ഞു. 2016 സെപ്തംബര്‍ 25നാണ് അവളെ കാണാതായത്. പതിവുപോലെ സൈക്കിളില്‍ രാവിലെ പ്രഗ്യ കോളേജിലേക്ക് പോയി. വൈകീട്ട് മടങ്ങിവരാതിരുന്നതോടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു.
രണ്ടുദിവസം കഴിഞ്ഞ് പ്രഗ്യയുടെ ഫോണ്‍ കോള്‍ വന്നു. താന്‍ ബംഗ്ലാദേശില്‍ ആണെന്നും മതം മാറി മുസ്‌ലിം ആയെന്നും അയേഷ ജന്നത്ത് മോഹന എന്ന് പേരുമാറ്റിയെന്നും അറിയിച്ചു. ഇതുകേട്ട് കരഞ്ഞുപോയ അമ്മയോട് അനുഗ്രഹിക്കണമെന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഇതായിരുന്നു അവസാനം വന്ന കോള്‍. കാണാതാകുമ്പോള്‍ പ്രഗ്യയ്ക്ക് 25 വയസായിരുന്നു. അന്ന് പോയ മകളെ പിന്നീട് ഗീതയ്ക്ക് കാണാന്‍ കഴിഞ്ഞില്ല. മകള്‍ ബംഗ്ലാദേശില്‍ അറസ്റ്റിലായ വിവരം പ്രാദേശിക മാധ്യമങ്ങള്‍ വഴിയാണ് ഗീത അറിഞ്ഞത്.
തീവ്രവാദ ഗ്രൂപ്പിലേക്ക് ആളുകളെ ചേര്‍ക്കുക, പണം സ്വരൂപിക്കുക മുതലായവയായിരുന്നു പ്രഗ്യ ചെയ്തിരുന്നത്. കൗണ്ടര്‍ ടെററിസം ആന്റ് ട്രാന്‍സ് നാഷണല്‍ ക്രൈം വിഭാഗമാണ് പ്രഗ്യയെ അറസ്റ്റ് ചെയ്തത്.



