മുംബൈ: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബര്‍ മുംബൈയിലെ ഓഫീസ് അടച്ചുപൂട്ടി. ലോക്ക് ഡൗണ്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കല്‍ നീക്കത്തിലാണ് കമ്പനിയെന്നാണ് പുറത്ത് വരുന്നത്. നിലവില് മുംബൈ ഓഫിസില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്. ഡിസംബര്‍ വരെയാണ് ഈ ജോലിയുടെ കാലവധി.ഈ ജീവനക്കാരെ അടുത്ത വര്‍ഷം മുംബൈയിലെ മറ്റൊരു ഓഫീസിലേക്ക് മാറ്റുമോ എന്നത് വ്യക്തമല്ല.
മെയ് മാസത്തില്‍ ഇന്ത്യയിലെ നാലിലൊന്ന് ജീവനക്കാരെ (600 ജീവനക്കാര്‍) പിരിച്ചുവിട്ടതിന് പിന്നാലെയാണ് പുതിയ തീരുമാനം ഊബര്‍ എടുത്തിരിക്കുന്നത്. മെയില്‍ കസ്റ്റമര്‍ സര്‍വീസ്, ഡ്രൈവര്‍ അസിസ്റ്റന്‍സ്, ബിസിനസ് വികസനം, ലീഗല്‍ സപ്പോര്‍ട്ട്, നയരൂപീകരണം, ധനകാര്യം, നയങ്ങള്‍, മാര്‍ക്കറ്റിംഗ് എന്നീ വിഭാഗങ്ങളിലെ 600ഓളം ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. ഇന്ത്യയിലെ തൊഴില്‍ വെട്ടിക്കുറവിന് പുറമെ, ആഗോളതലത്തില്‍ റെന്റല്‍, ലീസ് അനുബന്ധ ചെലവുകളും കമ്പനി വെട്ടിക്കുറയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് 19 മൂലമുണ്ടായ ബിസിനസ് തടസ്സങ്ങള്‍ കാരണം ഒരു ബില്യണ്‍ ഡോളറിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാനായി കമ്പനി ഇതിനകം പദ്ധതിയിട്ടിട്ടുണ്ടെന്ന് ഊബര്‍ കമ്പനി വക്താക്കള്‍ അടുത്തിടെ അറിയിച്ചിരുന്നു.



