ന്യൂഡൽഹി: 14 വയസിൽ താഴെയുള്ള കുട്ടികൾക്ക് പഠനം നൽകുന്ന എല്ലാ വിദ്യാഭ്യാസ, മത സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതിന് നിയമനിർമാണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ നിർദേശിച്ച് സുപ്രീംകോടതി. അഡ്വെക്കെറ്റ് അശ്വിനി കുമാർ ഉപാധ്യായ ആണ് പൊതുതാത്പര്യ ഹർജി സംർപ്പിച്ചത്, ഹർജി തീർപ്പാക്കിക്കൊണ്ടാണ് കോടതി ഈ നിർദേശം നൽകിയത്.
എല്ലാ മതപാഠശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ മേൽനോട്ടത്തിലും നിയന്ത്രണത്തിലും വേണം
ഹർജിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ ഒരു നിവേദനമായി കേന്ദ്ര സർക്കാരിന് മുന്നിൽ സമർപ്പിക്കാനും, സർക്കാർ അത് പരിഗണിക്കണമെന്നും ജസ്റ്റിസുമാർ ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു. രാജ്യത്തെ എല്ലാ മതപാഠശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃത്യമായ സർക്കാർ മേൽനോട്ടത്തിലും നിയന്ത്രണത്തിലും വരണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കുട്ടികൾ ചൂഷണത്തിന് ഇരയാകാൻ സാധ്യത
നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കുട്ടികൾ ചൂഷണത്തിനും തെറ്റായ ആശയങ്ങളുടെ സ്വാധീനത്തിനും ഇരയാകാൻ സാധ്യതയുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാഭ്യാസ അവകാശവും കുട്ടികളുടെ സുരക്ഷയും മുൻനിർത്തി എല്ലാ സ്ഥാപനങ്ങൾക്കും ഏകീകൃതമായ മാനദണ്ഡങ്ങൾ വേണമെന്നും അശ്വിനി കുമാർ ഉപാധ്യായ വാദിച്ചു.
വിഷയത്തിൽ കോടതി നേരിട്ട് ഉത്തരവിടുന്നതിന് പകരം നയപരമായ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി ഹർജി തീർപ്പാക്കിയത്. ഹർജിക്കാരൻ നൽകുന്ന നിവേദനത്തിൽ കേന്ദ്ര സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാകും.