ന്യൂഡല്‍ഹി: കനറാ ബാങ്ക് ഉള്‍പ്പെടെ ആറ് ബാങ്കുകളില്‍നിന്ന് 350 കോടി രൂപയുടെ വെട്ടിപ്പു നടത്തിയശേഷം ഒരു പ്രമുഖ വ്യവസായികൂടി രാജ്യംവിട്ടു. പഞ്ചാബ് ബസുമതി റൈസ് ഡയറക്ടര്‍ മന്‍ജിത് സിങ് മഖാനിയാണ് കോടികള്‍ തട്ടിയെടുത്ത് കടന്നത്. കനറാ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറ് ബാങ്കുകളില്‍നിന്ന് മന്‍ജീത് വായ്പയെടുത്തിരുന്നു. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്‍ജീതിനും മകന്‍ കുല്‍വിന്ദര്‍സിങ് മഖാനിക്കും മരുമകള്‍ ജസ്മീത് കൗറിനുമെതിരേ സിബിഐ കേസെടുത്ത് അന്വേഷണം തുടങ്ങി.
കനറാ ബാങ്ക് 175 കോടി, ആന്ധ്രാ ബാങ്ക് 53 കോടി, യുബിഐ 44 കോടി, യുസിഒ ബാങ്കിന് 41 കോടി, ഒബിസി 25 കോടി, എഡിബിഐ 14 കോടി എന്നീ ക്രമത്തിലാണ് മന്‍ജീത് നല്‍കാനുള്ളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബാങ്കുതല അന്വേഷണത്തിനുശേഷം വിവരം റിസര്‍വ് ബാങ്കിനെ അറിയിച്ചത്. ഈ വര്‍ഷം ജൂണില്‍ പരാതി നല്‍കി. പരാതി നല്‍കുന്നതിനു മുമ്പുതന്നെ മന്‍ജീതും കുടുംബവും കാനഡയിലേക്ക് കടന്നു. ഇവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.




