ബംഗളൂരു: കന്നട സിനിമരംഗത്തെ യുവതാരവും നടി മേഘ്നരാജിന്റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയ്ക്ക് കണ്ണീരോടെ തെന്നിന്ത്യന്‍ സിനിമലോകം കണ്ണീരോടെ വിടനല്‍കി. ചിരഞ്ജീവിക്ക് അന്ത്യയാത്ര നല്‍കാനായെത്തിയവര്‍ ഭാര്യ മേഘ്നയുടേയും ബന്ധുക്കളുടേയും ദുഃഖത്തിനുമുന്നില്‍ കണ്ണീരടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. അവരെ ആശ്വസിപ്പിക്കാനാവാതെ കുഴങ്ങുകയായിരുന്നു ഏവരും. അടക്കാനാവാത്ത ദുഃഖത്തോടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് മേഘ്‌ന കരഞ്ഞപ്പോള്‍ ഒപ്പംനിന്നവര്‍ക്കും സങ്കടം അടക്കാനായില്ല. മേഘ്നയെ ആശ്വസിപ്പിക്കുന്നതായിരുന്നു ഏറ്റവും വേദനനിറഞ്ഞ കാര്യം. അവരുടെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥികൂടി വരാന്‍ കാത്തിരിക്കുമ്പോഴാണ് മരണം ചിരഞ്ജീവിയെ കവര്‍ന്നെടുത്തത്. നാലുമാസം ഗര്‍ഭിണിയാണ് മേഘ്ന.
തെക്കേ ഇന്ത്യയിലെ പ്രമുഖ നടന്‍ അര്‍ജുന്റെ സഹോദരിയുടെ മകനാണ് ചിരഞ്ജീവി. 2009ല്‍ തമിഴ് ചിത്രമായ സണ്ടക്കോഴിയുടെ റീമേക്കായ വായുപുത്രയിലൂടെയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതം ആരംഭിച്ചത്. അര്‍ജുനായിരുന്നു ചിത്രത്തിന്റെ നിര്‍ാണം. 10 വര്‍ഷത്തോളം നീണ്ട കരിയറില്‍ 20ലധികം സിനിമകളില്‍ അഭിനയിച്ചു. 2018 ഏപ്രില്‍ മാസത്തിലാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്. ആട്ടഗര എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെനാളത്തെ സൗഹൃദമാണ് വിവാഹത്തില്‍ കലാശിച്ചത്. 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. മേഘ്ന രാജിന്റെ വിവാഹവാര്‍ത്ത മലയാളികളും ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞ് ദാമ്പത്യബന്ധത്തിന് രണ്ട് വര്‍ഷത്തെ ആയുസ് മാത്രമുള്ളപ്പോഴാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത ദേഹവിയോഗം.
ഹൃദയസ്തംഭനം മൂലം ബംഗളൂരുവില്‍വച്ചാണ് ചിരഞ്ജീവി സര്‍ജ മരണമടഞ്ഞത്. കന്നഡ ഭാഷയിലെ ഏറെ അറിയപ്പെടുന്ന താരമായിരുന്നു ചിരഞ്ജീവി. കടിഞ്ഞൂല്‍ കണ്മണിക്കായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് താരത്തിന്റെ ആകസ്മിക ദേഹവിയോഗം. തിങ്കളാഴ്ച ബംഗളൂരുവിലെ കനകാപുര റോഡില്‍ ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവിന്റെ ഫാംഹൗസില്‍ സംസ്‌കാരം നടത്തി. ചിരഞ്ജീവി സര്‍ജയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഒട്ടേറെ മലയാള സിനിമാതാരങ്ങള്‍ രംഗത്തെത്തി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നസ്‌റിയ, ജയസൂര്യ, ശ്വേത മേനോന്‍, അംബിക തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തി.
യക്ഷിയും ഞാനും എന്ന വിനയന്‍ ചിത്രത്തിലൂടെയാണ് മേഘന രാജ് മലയാളത്തില്‍ തന്റെ കരിയര്‍ തുടങ്ങിയത്. അനിതര സാധാരണമായ അഭിനയചാതുരികൊണ്ട് പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയിരുന്നു മേഘ്‌ന. മലയാളത്തില്‍ 20ഓളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മേഘ്ന മെമ്മറീസ് എന്ന ചിത്രത്തില്‍ പൃഥ്വിരാജന്റെ നായികയായിരുന്നു. ജയസൂര്യ, അനൂപ് മേനോന്‍, ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയവര്‍ക്കൊപ്പവും മേഘ്ന വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ട്രിവാന്‍ഡ്രം ലോഡ്ജ്, മഡ് ഡാഡ്, നമുക്കു പാര്‍ക്കാന്‍, മുല്ലമൊട്ടും മുന്തിരിച്ചാറും, അച്ഛന്റെ ആണ്മക്കള്‍, ബ്യൂട്ടിഫുള്‍, രഘുവിന്റെ സ്വന്തം റസിയ, ഓഗസ്റ്റ് 15, പാച്ചുവും കോവാലനും തുടങ്ങിയവയാണ് മേഘനയുടെ ചിത്രങ്ങള്‍.