തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം തിങ്കളാഴ്ച(8-6-2020) മുതല്‍ ആരംഭിക്കും. നാളെമുതല്‍ മുതല്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി ഇതുവരെ 50 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തിയിരുന്നത്. ശനിയാഴ്ചകളിലെ അവധി തുടരും.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുഭരണ വകുപ്പ് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഹോട്ട് സ്പോട്ടുകളിലുള്ള ഓഫീസുകളില്‍ നിലവിലുള്ള നിയന്ത്രണം തുടരും. അവിടെ നിശ്ചിതശതമാനം ജീവനക്കാര്‍ മാത്രം ജോലിക്കെത്തിയാല്‍ മതി. ഹോട്ട് സ്പോട്ടുകളിലോ കണ്ടെയ്ന്‍മെന്റ് സോണുകളിലോ താമസിക്കുന്നവര്‍ ജോലിക്കെത്തേണ്ടതില്ല. ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികാരിയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇവര്‍ക്ക് പ്രത്യേക അവധി അനുവദിക്കും.
കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാളുടെ വീട്ടില്‍ താമസിക്കുന്നവര്‍ക്കും പ്രത്യേക അവധി നല്‍കുന്നതാണ്. ഗതാഗത സംവിധാനങ്ങളില്ലാത്തതിനാല്‍ താല്‍കാലിക സംവിധാനമായി വീടിനടുത്ത ഓഫീസുകളില്‍ ജോലിചെയ്തിരുന്നവര്‍ സ്വന്തം ഓഫീസുകളില്‍തന്നെ എത്തണം. വര്‍ക്ക് ഫ്രം ഹോം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യാപകമാക്കുകയാണ്. ഇ- ഓഫീസ് സംവിധാനമുള്ള പരമാവധി ജീവനക്കാര്‍ക്ക് വീടുകളില്‍തന്നെ ജോലിചെയ്യാന്‍ സംവിധാനമൊരുക്കും. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍മൂലം ജോലിക്കെത്താന്‍ പറ്റാത്തവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഒരുക്കാനാണ് നിര്‍ദേശം. പുതിയ നിര്‍ദേശപ്രകാരം ഏഴുമാസം ഗര്‍ഭിണികളും ഒരു വയസില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരും ജോലിക്കെത്തേണ്ടതില്ല. ഇവര്‍ക്കും വര്‍ക്ക് ഫ്രം ഹോം ഒരുക്കും.



