വാരണാസി: വാരണാസി ജില്ലയിലെ ഹര്‍പാല്‍പൂരില്‍ വസതിയിലെ മുറിയില്‍ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തക റിസ്വാന തബസ്സും (28) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ നിന്നു ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ പരമാര്‍ശിച്ചിട്ടുള്ള സമാജ്‌വാദി പാര്‍ട്ടി നേതാവ് ഷമീം നൊമാനിയെ പോലീസ് അറസ്റ്റ് ചെയ്തു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കിയ റിസ്വാന്‍ നിരവധി പോര്‍ട്ടലുകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും വേണ്ടി ഫ്രീലാന്‍സ് ജേണലിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഷമീമും റിസ്വാനയും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച റിസ്വാന ഏറെ നേരമായിട്ടും മുറിയില്‍ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോള്‍ വീട്ടുകാര്‍ അവളെ വിളിച്ചു. എന്നാല്‍ പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്നപ്പോള്‍ റിസ്വാനയുടെ മൃതദേഹം സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് മുറിയില്‍ നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തി.
ഷമീം നോമാനിയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് റിസ്വാന ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുളളത്. ഷമീമിനെ ഇന്നലെ (04-05) പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തൂങ്ങിമരണം ആണെന്നാണ് പൊലീസിന്റെ ഭാഷ്യം. തബസ്സത്തിന്റെ പിതാവിന്റെ പരാതിയില്‍ 306-ാം വകുപ്പ് പ്രകാരം ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ലോഹ്ത നിവാസിയായ ഷമീം നൊമാനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് വാരണാസി സര്‍ദാര്‍ സി.ഒ അഭിഷേക് പാണ്ഡെ പറഞ്ഞു.



