കേപ്പ്ടൗണ്‍: ലോക്ക്ഡൗണില്‍ ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലെ വീട്ടില്‍ സ്വന്തമായി ബിയര്‍ നിര്‍മിച്ച് കഴിച്ച ദമ്പതികള്‍ മരിച്ചു. 42 വയസു പ്രായം വരുന്ന ഭാര്യയും 54 കാരനായ ഭര്‍ത്താവുമാണ് മരിച്ചത്.
വീട്ടില്‍ നിന്നുള്ള പതിവു ശബ്ദങ്ങളില്‍ പന്തികേടു തോന്നിയ അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തുമ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. അവരുടെ ഭര്‍ത്താവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ വീട്ടില്‍ നിന്നും നിന്ന് രണ്ട് ബോട്ടില്‍ ബിയര്‍ ലഭിച്ചിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് ഫലം വന്നതിനു ശേഷമേ മരണകാരണം വ്യക്തമാകൂ.
കൊവിഡ് വ്യാപനത്തിന്റെ നിരക്കും രോഗവ്യാപനവും തടയാനായി ദക്ഷിണാഫ്രിക്കയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ മദ്യത്തിന്റെ വില്‍പനയും തടഞ്ഞിരുന്നു. അതോടെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നപ്പോഴൊക്കെ പൊലീസ് തകര്‍ത്തിരുന്നു. ഇതിനിടെ ലോക്ക്ഡൗണില്‍ അയവ് വന്നതോടെ വാരാന്ത്യ ആഘോഷത്തിനായി ബിയര്‍ ഉണ്ടാക്കുകയും അതുവഴി മരണപ്പെടുകയായിരുന്നു എന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.



