വാഷിങ്ടണ്‍: പെട്ടന്ന് രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കാമെന്ന് പുതിയപഠനം.കൊറോണ രോഗികളില്‍ നടത്തിയ സര്‍വേയിലൂടെയാണ് ഗവേഷകര്‍ ഇത്തരം തീരുമാനത്തിലെത്തിയത്. ഇറ്റലിയില്‍ ഇരുനൂറോളം രോഗികളെ പരിശോധിച്ചപ്പോള്‍ 67% പേര്‍ക്കും രുചിയോ ഗന്ധമോ നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തല്‍.പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പറയുന്നത്. ഇത്തരത്തിലുള്ള ആളുകളെ ക്വാറന്റെനിലാക്കണമെന്നും ഗവേഷകര്‍ പറയുന്നു. ലോകമെമ്പാടുമുള്ള നാനൂറിലധികം ഗവേഷകരുടെ സംഘടനയാണ് പഠനം നടത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള സര്‍വേകള്‍ വഴിയായിരുന്നു ഇവരുടെ ഗവേഷണം. ഗന്ധവും രുചിയും നഷ്ടപ്പെടുന്നതിന് പുറമെ വരണ്ട ചുമ, പനി, ക്ഷീണം എന്നിവയാണ് കൊറോണ രോഗികളില്‍ കൂടുതല്‍ പേരിലും കണ്ടെത്തിയിട്ടുള്ള മറ്റു ലക്ഷണങ്ങള്‍. 12% പേരില്‍ മാത്രമാണ് രുചിയും ഗന്ധവും നഷ്ടപ്പെടുന്നത് ആദ്യ രോഗലക്ഷമായി കാണുന്നത്. 27% പേര്‍ക്കും മറ്റു ലക്ഷങ്ങള്‍ക്കൊപ്പമാണ് ഇങ്ങനെയുണ്ടാകുന്നെങ്കില്‍ മൂന്ന് ശതമാനം പേര്‍ക്ക് ഗന്ധവും രുചിയും നഷ്ടപ്പെടുന്നതല്ലാതെ മറ്റൊരു ലക്ഷണവും ഉണ്ടായിട്ടില്ല.



