കളിയിക്കാവിളയില്‍ എസ്ഐയെ വെടിവെച്ച് കൊന്ന സംഭവം: സ്ഥിതി വിലയിരുത്താന്‍ തമിഴ്‌നാട്‌ ഡിജിപി കേരളത്തില്‍

തമിഴ്‌നാട്‌ ഡിജിപി ജെ കെ ത്രിപാഠി

പാറശ്ശാല ജനുവരി 9: കളിയിക്കാവിളയില്‍ എസ്ഐ വില്‍സനെ വെടിവെച്ച് കൊന്ന കേസിലെ പ്രതികള്‍ തീവ്രവാദബന്ധമുള്ളവരാണെന്ന് പോലീസ്. സ്ഥിതി വിലയിരുത്താനായി തമിഴ്‌നാട്‌ ഡിജിപി ജെ കെ ത്രിപാഠി കേരളത്തിലെത്തി. കേരളത്തിലോ തമിഴ്‌നാട്ടിലോ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ജാഗ്രതാ നിര്‍ദ്ദേശത്തില്‍ എടുത്തുപറഞ്ഞ പേരുകളിലെ രണ്ട് പേരാണ് കളിയിക്കാവിളയില്‍ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ച് കൊന്നത്.

എസ്ഐയെ വെടിവെച്ച് കൊന്ന കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവര്‍ക്കായി സംസ്ഥാനമെമ്പാടും ശക്തമായി തെരച്ചില്‍ നടത്തുകയാണ് കേരളാ പോലീസ്. പരമാവധി പ്രദേശങ്ങളില്‍ വാഹനപരിശോധന ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. ഇവരുടെ പക്കല്‍ തോക്കുണ്ടെന്നും ജാഗ്രതാ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രിമിനല്‍ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും.

കേരള ഡിജിപി ലോക്‌നാഥ്‌ ബെഹ്റയും തമിഴ്‌നാട് ഡിജിപി ജെകെ ത്രിപാഠിയും കൂടിക്കാഴ്ച നടത്തിയിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെയും മറ്റ് പ്രധാനമേഖലകളിലെയും സുരക്ഷാ സാഹചര്യങ്ങള്‍ ഇരുവരും ചേര്‍ന്ന് വിലയിരുത്തി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിജിപി ലോക്‌നാഥ്‌ ബെഹ്റ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം