റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സര്‍ക്കാരിന്റെ പിന്‍ വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധം . പൊട്ടിക്കരഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

February 9, 2021 - 12:38 pm

തിരുവനന്തപുരം:സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിനിടെ പൊട്ടിക്കരഞ്ഞ് ഉദ്യോഗാര്‍ത്ഥി ലയ. സെക്രട്ടറിയേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെ ഉദ്യോഗാര്‍ത്ഥികള്‍ ആത്മഹത്യാശ്രമവും നടത്തിയിരുന്നു. ലാസ്റ്റ്‌ഗ്രേഡ് റാങ്കിലുള്‍പ്പെട്ട റിജു, ദീപു എന്നിവരാണ് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതിനു ശേഷം സംസാരിച്ച ലയ എന്ന ഉദ്യോഗാര്‍ത്ഥിയുടെ പ്രസംഗം സര്‍ക്കാരിനേയും അധികാര കേന്ദ്രങ്ങളേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതായിരുന്നു.

‘എത്രയോ നാളുകളായി ഞങ്ങള്‍ ഇവിടെ സമരം തുടങ്ങിയതാണ്. ഞങ്ങളുടെ ശോച്യാവസ്ഥ അറിയിക്കാത്ത എംഎല്‍എമാരോ രാഷ്ട്രീയ നേതാക്കളോ ഇല്ല . എന്നിട്ടും ആരും ചെറുവിരല്‍പോലും അനക്കിയിട്ടില്ല. ജീവിതത്തിന്റെ അറ്റം കണ്ടുകഴിഞ്ഞു. ഞങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റില്‍ വന്നിട്ട് ഇവിടെ വന്ന് സമരം ചെയ്യുന്നത് ജോലിക്കുവേണ്ടിയിട്ടാണ്. പലജില്ലകളില്‍ നിന്ന് വന്ന് ശയനപ്രദിക്ഷണം നടത്തിയും മരിക്കാന്‍വരെ തയ്യാറായാണ് നില്‍ക്കുന്നത്. ഞങ്ങള്‍ പ്രതിഷേധിക്കുന്നതില്‍ ആണ് പലര്‍ക്കും വിഷമം. ഏത് സര്‍ക്കാര്‍ ആണെങ്കിലും ഞങ്ങള്‍ സമരം ചെയ്യും ഈ സര്‍ക്കാര്‍ ആയതുകൊണ്ടല്ല പ്രതിഷേധിക്കുന്നത്.

സെക്രട്ടറിയേറ്റിന്റെ വാതുക്കല്‍കിടന്ന് ഉരുളാനും മണ്ണെണ്ണഒഴിച്ച് തീ കൊളുത്താനും ആര്‍ക്കും ആഗ്രഹം ഉണ്ടായിട്ടല്ല. ജീവന്‍ കളഞ്ഞിട്ടായാലും മറ്റുളളവര്‍ക്ക് പ്രയോജനപ്പെടുന്നെങ്കില്‍ ആകട്ടെയെന്ന് കരുതിയാണ് അതിന് തയ്യാറായത്. കൂലിപ്പണിക്ക് പോകേണ്ടിവന്നാലും ഇനിയൊരു പരീക്ഷയെഴുതില്ല. അത്രക്കും മടുത്തുകഴിഞ്ഞു. ഞങ്ങളുടെ മനോവിഷമം കണ്ടില്ലെന്ന് നടിച്ചുനില്‍ക്കുന്നവരെ ഇതില്‍പരം എന്താണ് പറഞ്ഞ് മനസിലാക്കേണ്ടത്. നിങ്ങളോരോരുത്തരും മനുഷ്യരല്ലേ. ഒരു റാങ്ക് ലിസ്റ്റില്‍ വന്നാല്‍ ജോലി കിട്ടിയെന്ന് പ്രതീക്ഷിക്കുന്നവരാണ് നമ്മുടെ നാട്ടുകാര്‍. 2000 പേരുളള റാങ്ക് ലിസ്റ്റില്‍ പകുതിപ്പേര്‍ക്കുപോലും ജോലി നല്‍കാനാകുന്നില്ലെങ്കില്‍ പിന്നെന്തിനാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഞങ്ങള്‍ക്ക് ഉത്തരം തരൂ ‘ ഇങ്ങനെപോകുന്നു ലയയുടെ പ്രസംഗം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *