കൊടുങ്ങല്ലൂര്‍: ദേശീയപാതയില്‍ വാഹനമിടിച്ച് ചത്ത ഗര്‍ഭിണിയായ പൂച്ചയുടെ വയറ്റില്‍ നിന്നും നാലു കുഞ്ഞുങ്ങളെ ജീവനോടെ പുറത്തെടുത്തു . മതിലകം തൃപ്പൂക്കുളം സ്വദേശിയായ ഹരിദാസ് എന്ന യുവാവാണ് സിസേറിയനിലൂടെ കുഞ്ഞുങ്ങളെ പുറത്തെത്തിച്ചത്.
കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം അഞ്ചാംപത്തിയില്‍ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. പാമ്പുപിടുത്തക്കാരനായ ഹരിദാസ് കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുനിന്നും പാമ്പിനെ പിടകൂടി തിരകെ ബൈക്കില്‍ വരുമ്പോഴാണ് വാഹനമിടിച്ച് നടുറോഡില്‍ ചത്തുകിടക്കുന്ന പൂച്ച ശ്രദ്ധയില്‍പ്പെടുന്നത്. ഇനിയും വാഹനങ്ങള്‍ കയറിയിറങ്ങാതിരിക്കാന്‍ പൂച്ചയെ റോഡരികിലേക്ക് മാറ്റികിടത്താമെന്ന ധാരണയിലാണ് ബൈക്കില്‍ നിന്നും ഇറങ്ങിയത്.
എന്നാല്‍ പൂച്ചയെ എടുത്തപ്പോഴാണ് ഗര്ഭിണിയോണോയെന്ന സംശയം തോന്നിയത്. ഉടന്‍ തൊട്ടടുത്ത കടയില്‍ നിന്നും ബ്ലേഡ് വാങ്ങി പൂച്ചയുടെ വയര്‍ കീറി കുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുത്തു. കണ്ടു നിന്നവര്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമായി. നാലുകഞ്ഞുങ്ങളും ഹരിദാസിന്റെ വീട്ടില്‍ സുരക്ഷിതരാണ്. അരമണിക്കൂര്‍ ഇടവിട്ട് ലാക്ടജന്‍ കലക്കി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്നുണ്ട്. സ്പോഞ്ച് നിറച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് പൂച്ചകുഞ്ഞുങ്ങള്‍ക്ക് കൂടൊരുക്കിയിരിക്കുന്നത്. 20 വര്ങ്ങളോളമായി പാമ്പുപിടുത്തത്തില്‍ സജീവമാണ് ഹരിദാസ്

