കാസര്‍കോഡ് : കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവര്ത്തകന് അബ്ദുറഹ്മാന് ഔഫിനെ കുത്തികൊലപ്പെടുത്തിയവരെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ യൂത്ത് ലീഗ് പ്രവർത്തകർ. യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ തള്ളിപ്പറഞ്ഞിട്ടും ഒന്നാം പ്രതി ഇര്‍ഷാദിനും മറ്റുള്ള പ്രതികള്‍ക്കും പിന്തുണകളുമായി കാസര്‍കോഡ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ കാംപയിന് സജീവമാക്കിയിട്ടുണ്ട്. ഇര്‍ഷാദിന്റെ ഫേസ്ബുക് പ്രൊഫൈല്‍ ടാഗ് ചെയ്തിട്ട പോസ്റ്റുകളില്‍ നൂറുകണക്കിന് ലീഗ് പ്രവര്‍ത്തകരാണ് കൊലയാളിക്ക് പിന്തുണയുമായി എത്തുന്നത്.
ഏത് നേതൃത്വം തള്ളിക്കളഞ്ഞാലും തങ്ങള്‍ ഇര്‍ഷാദിന്റെ കൂടെയുണ്ടാകുമെന്നു ഇവര്‍ വ്യക്തമാക്കുന്നു. പല കമന്റുകളിലും സുന്നി പ്രവര്‍ത്തകരെ പരിഹസിക്കുന്നുമുണ്ട്. ലീഗ് നേതൃത്വത്തിന് അണികളില്‍ സ്വാധീനമില്ല എന്നതിന്റെ സൂചനയായാണ് ഇത്തരം കമന്റുകള്‍ വിലയിരുത്തപ്പെടുന്നത്.
കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മംഗലാപുരത്തേക്ക് മുങ്ങിയ ഇര്‍ഷാദിനെ പോലീസ് കസ്റ്റഡിയില്‍ കൊണ്ട് വരികയായിരുന്നു. ഇര്‍ഷാദിനെ രക്ഷപ്പെടാന്‍ സഹായിച്ച പ്രാദേശിക ലീഗ് നേതാക്കളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

