കൊച്ചി : ഹോട്ടലുകൾക്ക് നക്ഷത്ര പദവി നൽകുവാൻ വൻ തുക കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലും തമിഴ്നാട്ടിലും നടന്ന റെയിഡിൽ കേന്ദ്ര ടൂറിസം വകുപ്പിലെ ഡയറക്ടർ അടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ടൂറിസം ഡയറക്ടർ സഞ്ജയ് വാട്ട്സ്, അസിസ്റ്റൻറ് ഡയറക്ടർ രാമകൃഷ്ണൻ എന്നിവരാണ് പിടിയിലായത് . ഇവരിൽ നിന്നും 55 ലക്ഷം രൂപ പിടിച്ചെടുത്തു. സിബിഐ മധുര യൂണിറ്റിനെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത ഹോട്ടലുകൾ കോഴ നൽകിയ സ്റ്റാർ പദവി നേടിയെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. കേരളത്തിൽ കൊച്ചിയിലും കൊല്ലത്തുമായിരുന്നു റെയ്ഡ്.
കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിലെ കേന്ദ്ര ടൂറിസ്റ്റ് വകുപ്പിൻറെ ചുമതല ചെന്നൈയിലെ റീജിനൽ ഓഫീസിനാണ്. ചെന്നൈയിൽ റീജണൽ ഓഫീസിൽ ഡയറക്ടർ പദവിയിലുള്ള സഞ്ജയ് വാട്ട്സ് കൊച്ചിയിലെ ഓഫീസിൽ നിന്നും മടങ്ങുന്നതിനിടയിലാണ് പിടിയിലായത് . അസിസ്റ്റൻറ് ഡയറക്ടർ എസ് രാമകൃഷ്ണനെ പഴനിയിൽ നിന്നാണ് പിടികൂടിയത്. കോഴിയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇടനിലക്കാരുടെ വിളികളും സന്ദേശങ്ങളും അടങ്ങുന്ന ഫോൺ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ ഭാര്യമാരുടെ അക്കൗണ്ടിലേക്കാണ് കോഴപണം പോയിരുന്നത്. ഇവർക്ക് തമിഴ്നാട്ടിലും അധികൃതർ സമ്പാദ്യം ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.

