ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പുതിയ രാഷ്ട്രീയ സഖ്യം രൂപീകരിച്ചു. മെഹബൂബ മുഫ്തി, ഒമർ അബ്ദുളള എന്നിവരോടൊപ്പം സഖ്യത്തിൽ സി പി എമ്മും ഉണ്ട്. ‘പീപ്പിള്‍സ് അലയന്‍സ് ഫോർ ഗുപ്കർ ഡിക്ലറേഷൻ’ എന്നാണ് സഖ്യത്തിന്റെ പേര്.
കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കക്ഷി നേതാക്കള്‍ പങ്കെടുത്തു. ഫാറൂഖ് അബ്ദുള്ളയ്ക്ക് (നാഷണല്‍ കോണ്‍ഫറന്‍സ്) പുറമെ മെഹബൂബ മുഫ്തി( പി.ഡി.പി), സജാദ് ഗനി ല്യോണ്‍ (പീപ്പിള്‍സ് കോണ്‍ഫറന്‍സ്), ജവൈദ് മിര്‍ (പീപ്പിള്‍സ് മൂവ്മെന്റ്), മുഹമ്മദ് യൂസഫ് തരിഗാമി (സി.പി.ഐ.എം) എന്നിവരാണ് യോഗത്തിൽ സന്നിഹിതരായത്.
ഈ വര്‍ഷം ആഗസ്റ്റ് 22 നാണ് കശ്മീരില്‍ ഗുപ്കര്‍ കൂട്ടായ്മ രൂപീകരിച്ചത്.
ചൊവ്വാഴ്ചയാണ് മെഹബൂബ മുഫ്തി തടങ്കലില്‍ നിന്ന് മോചിതയായത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയെടുത്തുമാറ്റിയതുമായി ബന്ധപ്പെട്ടാണ് മുഫ്തിയടക്കമുള്ള നേതാക്കളെ തടങ്കലിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.
മെഹബൂബ മുഫ്തിയ്ക്ക് പുറമെ കശ്മീരിലെ പ്രധാന നേതാക്കളായ , ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള. തരിഗാമി എന്നിവരേയും തടങ്കലിലാക്കിയിരുന്നു.

