ഗോഹട്ടി: ഖജനാവിലെ പണം ഉപയോഗിച്ച് മതപഠനം വേണ്ടെന്നും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള മദ്രസകളും സംസ്കൃത പാഠശാലകളും അടച്ചു പൂട്ടുമെന്നും അസം സര്‍ക്കാര്‍. ഇതു സര്‍ക്കാരിന്റെ നയമാണ്. ഇക്കാര്യം നേരത്തേ സംസ്ഥാന നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നെന്നും ധന-വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. എന്നാൽ സ്വകാര്യ മദ്രസകള്‍, സംസ്കൃത പാഠശാലകള്‍ എന്നിവയ്ക്കു പ്രവര്‍ത്തനം തുടരാം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ശര്‍മ വ്യക്തമാക്കി. സര്‍ക്കാരിനു കീഴിലുള്ള മതപഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നവംബറില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. അടച്ചുപൂട്ടുന്ന മദ്രസകളില്‍ നിന്നായി 48 കരാര്‍ അധ്യാപകരെ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലേക്കു മാറ്റും.
പ്രതിവര്‍ഷം നാലു കോടിയോളം രൂപ മദ്രസകള്‍ക്കും ഒരുകോടിയോളം സംസ്കൃത പOനശാലകൾക്കും ചെലവഴിക്കുന്നുണ്ട്. സംസ്ഥാനത്ത് 614 മദ്രസകൾ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. 17 മദ്രസകളില്‍ പ്രധാന ഭാഷ ഉറുദുവാണ്. സംസ്ഥാനത്തൊട്ടാകെ 1000 സംസ്കൃത പാഠശാലകളുണ്ടെങ്കിലും 100 എണ്ണത്തിനു മാത്രമാണ് സര്‍ക്കാര്‍ സഹായം. സര്‍ക്കാര്‍ എന്നത് മതേതരമാണ്. മതപഠനം നടത്തുന്ന സംഘടനകള്‍ക്കു പൊതുജനങ്ങളുടെ പണം നല്‍കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
ഇതിനെതിരേ ഓള് ഇന്ത്യ യുനൈറ്റഡ് ഡെമൊക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) അധ്യക്ഷനും എംപിയുമായ ബദ്രുദ്ദിന് അജ്മല്‍ രംഗത്തെത്തി. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മദ്രസകള്‍ തുറക്കുമെന്ന് അജ്മൽ പ്രഖ്യാപിച്ചു. 50-60 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ അടച്ചുപൂട്ടാനാവില്ല. ബിജെപിക്ക് അവ നിര്‍ബന്ധമായി അടച്ചുപൂട്ടാന്‍ കഴിയില്ലെന്നും അജ്മല്‍ പറഞ്ഞു.

