ഇസ്ലാമാബാദ്: തോഷഖാന കോഴക്കേസിൽ കോടതിയിൽ ഹാജരാകാതിരുന്ന സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാന മന്ത്രി നവാസ് ഷരീഫിൻ്റെ സ്വത്ത് കണ്ടു കെട്ടാൻ പാക്കിസ്ഥാനിലെ അഴിമതി വിരുദ്ധ കോടതി ഉത്തരവിട്ടു. കേസിൽ നവാസ് ഷെരീഫും മുൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിയും മുൻ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയും കുറ്റക്കാരാണെന്ന് സെപ്റ്റംബർ 9 ന് കോടതി കണ്ടെത്തിയിരുന്നു. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ (എൻഎബി) സമർപ്പിച്ച കേസ് പരിഗണിക്കവെയാണ് ഇസ്ലാമാബാദ് ആസ്ഥാനമായുള്ള കോടതി ഷെരീഫിൻ്റെ സ്വത്ത് കണ്ടു കെട്ടാൻ ഉത്തരവിട്ടത്.
രാജ്യത്തിനകത്തും പുറത്തുമുള്ള ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ലാഹോറിലെ 206 ഏക്കർ കൃഷി ഭൂമിയും ഷെയ്ഖുപുരയിലെ 12.75 ഏക്കർ ഭൂമിയും പഞ്ചാബ് പ്രവിശ്യയിലെ വീടും പിടിച്ചെടുക്കാനാണ് ജഡ്ജി അസ്ഗർ അലി ഉത്തരവിട്ടത്. തോഷഖാനയിൽ നിന്ന് 15 ശതമാനം വില നൽകിയ ശേഷം ഷെരീഫ് നേടിയ രണ്ട് ട്രാക്ടറുകളും കാറുകളും പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഗിലാനി, സർദാരി, ഷെരീഫ് എന്നിവർ വിദേശ രാജ്യങ്ങൾ സമ്മാനിച്ച വാഹനങ്ങൾ വാങ്ങുന്നതിനായി ചട്ടങ്ങളിൽ ഇളവ് വരുത്തിയെന്നാണ് തോഷഖാന ഗ്രാഫ്റ്റ് കേസ്.
ഈ വാഹനങ്ങളുടെ വിലയുടെ 15 ശതമാനം മാത്രം നൽകി ആഡംബര കാറുകൾ നേടിയെന്നതാണ് ഷെറീഫിനെതിരായ കുറ്റം.ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ് ലണ്ടനിലാണ് നവാസ് ഷെരീഫ് ഉള്ളത്. കേസിൽ 2020 ജൂണിൽ ഷെരീഫിനെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2020 ജൂലൈ മാസം ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ മുഖേന അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ വിദേശകാര്യ കാര്യ മന്ത്രാലയത്തിന് നിർദേശവും നൽകിയിരുന്നു.
ചൗധരി പഞ്ചസാര മിൽ കേസിലും അൽ അസീസിയ കേസിലും ജാമ്യം നേടിയ ശേഷമാണ് വൈദ്യചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയത്. ഷറീഫും മകൾ മറിയവും മരുമകൻ മുഹമ്മദ് സഫ്ദറും 2018 ജൂലൈ 6 ന് അവെൻഫീൽഡ് പ്രോപ്പർട്ടി കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. 2018 ഡിസംബറിൽ അൽ അസീഷ്യ സ്റ്റീൽ മിൽസ് കേസിൽ ഷെരീഫിനെ ഏഴു വർഷം തടവിന് ശിക്ഷിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം നേടിയ ശേഷമാണ് വൈദ്യചികിത്സയ്ക്കായി ഷെറീഫ് ലണ്ടനിലേക്ക് പോയത്.
എന്നാൽ മെയ് മാസത്തിൽ ഷെരീഫ് കുടുംബത്തോടൊപ്പം ലണ്ടൻ കഫേയിൽ ചായ കുടിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു , അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ഇതോടെ പാക്കിസ്ഥാനിൽ വലിയ ചർച്ചകൾ തന്നെ നടന്നിരുന്നു.



