ന്യൂഡൽഹി: ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഗൂഡാലോചനാക്കുറ്റത്തിൽ മുഴുവൻ പേരെയും കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബാബറീ മസ്ജിദ് തകർത്തതിൻ്റെ ഉത്തരവാദിത്വം കർസേവകരെ അയോധ്യയിലേക്ക് നയിക്കുകയും പ്രസംഗങ്ങളിലൂടെ അവർക്ക് ആവേശം പകരുകയും ചെയ്തവർക്കല്ലെന്ന കോടതിയുടെ വിലയിരുത്തലിനെ ശശി തരൂർ ചോദ്യം ചെയ്തു.
അയോധ്യയിലെ സംഘപരിവാർ നേതാക്കളുടെ പ്രസംഗങ്ങൾ പ്രകോപനപരമല്ലെന്ന് പറയുമ്പോൾ ഡൽഹി കലാപത്തിന് പൊതുയോഗങ്ങളിൽ പ്രസംഗിച്ചവർ എങ്ങനെ കുറ്റക്കാരാകും എന്ന് ശശി തരൂർ ചോദിച്ചു. ആരും ആസൂത്രണം ചെയ്തിട്ടല്ല പള്ളി പൊളിച്ചതെന്നും ആക്‌സ്മികമാണെന്നും കോടതി വാദിക്കുന്നു. പക്ഷേ പ്രേരിപ്പിച്ചുവിടുന്നത് തീര്‍ച്ചയായും ഒരു കുറ്റകൃത്യമല്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകര്‍ക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കര്‍സേവകര്‍ ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നേതാക്കള്‍ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞിരുന്നു. അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും പ്രകോപിതരായ ആള്‍ക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

