അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം നാളെ (01-10-2020)

September 30, 2020 - 4:47 pm

മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : മഞ്ചേശ്വരം, കൊയിലാണ്ടി  മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ഒക്ടോബര്‍ 1) രാവിലെ 10.30ന് ഓണ്‍ലൈനായി നിര്‍വഹിക്കും. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന മത്സ്യബന്ധന വകുപ്പ് മന്ത്രി ഗിരിരാജ് സിങ് വിശിഷ്ടാതിഥിയാവും. ഫിഷറീസ്ഹാര്‍ബര്‍ എന്‍ജിനിയറിങ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി പ്രതാപ്ചന്ദ്ര സാരംഗി, റവന്യു-ഭവന നിര്‍മാണ  മന്ത്രി ഇ ചന്ദ്രശേഖരന്‍, എക്‌സൈസ് തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, കെ. മുരളീധരന്‍ എം.പി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ  എം.സി കമറുദ്ദീന്‍, കെ. ദാസന്‍  എന്നിവര്‍ മുഖ്യാതിഥിയാവും. എംഎല്‍എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, സി.കെ. നാണു, എ. പ്രദീപ് കുമാര്‍, എം.കെ. മുനീര്‍, വി.കെ.സി മമ്മദ് കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി രാജീവ് രഞ്ജന്‍, ഫിഷറീസ്ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ജില്ലാ കളക്ടര്‍മാരായ ഡോ. ഡി സജിത്ത് ബാബു, സാംബശിവ റാവു, ചീഫ് എന്‍ജിനിയര്‍ ബി ടി വി കൃഷ്ണന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.

മഞ്ചേശ്വരത്തെ 22 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തീരമേഖലയില്‍ മത്സ്യലഭ്യതയും പ്രകൃതിദത്തമായ സൗകര്യങ്ങളും ഒത്തുചേര്‍ന്നതും മത്സ്യത്തൊഴിലാളി ആവാസ കേന്ദ്രങ്ങളോട് ചേര്‍ന്ന് കിടക്കുന്നതുമായ പ്രദേശത്താണ് ഹാര്‍ബര്‍. തൊഴിലാളികളുടെ ഏറെ നാളത്തെ ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ അനുമതിക്കായി 2011ലാണ് പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. 48.80 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിക്ക് 2013 ലായിരുന്നു 75 ശതമാനം കേന്ദ്രസഹായത്തോടെ അംഗീകാരം ലഭിച്ചത്. 2014ല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴാണ് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായത്. തുറമുഖം പ്രാവര്‍ത്തികമാവുന്നതോടെ പ്രദേശത്തെ 1200 ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 4800 ലധികം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏര്‍പ്പെട്ട അനുബന്ധ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പദ്ധതി സഹായകമാവും. കോരപ്പുഴ മുതല്‍ ഇരിങ്ങല്‍ വരെയുള്ള 35 കിലോമീറ്റര്‍  തീരപ്രദേശത്തെ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും യാനങ്ങള്‍ സുരക്ഷിതമായി ബര്‍ത്ത് ചെയ്യുന്നതിനും കോയിലാണ്ടി ഹാര്‍ബര്‍ സഹായകമാകും. 63.99 കോടി രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8233/Fishing-harbour.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *