ന്യൂഡല്‍ഹി : എസ്.എന്‍.സി ലാവ്ലിന്‍ കേസ് 30-9-2020ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു .യു .ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് ബഞ്ചില്‍ ഉള്‍പ്പെട്ട മറ്റു ജഡ്ജിമാര്‍. ഇതോടൊപ്പം വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജികളും കോടതി പരിഗണിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതികളെ കുറ്റ വിമുക്തരാക്കിയത് ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീലാണ് കോടതി പരിഗണിക്കുന്നത്. കോവിഡ് സാഹചര്യത്തില്‍ സുപ്രീംകോടതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമല്ല, വിര്‍ച്വല്‍ ആയാണ് കോടതി കേസ് കേള്‍ക്കുന്നത്, അതിനാല്‍ കോടതി സജീവമാകുന്നതു വരെ കേസ് നീട്ടി വെക്കണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യവും കോടതി പരിഗണിക്കും.
കഴിഞ്ഞ തവണ ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുത്തപ്പോള്‍ 2017 മുതല്‍ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹര്‍ജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയും ഹര്‍ജികള്‍ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് തന്നെ കേള്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേള്‍ക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതോടെയാണ് വീണ്ടും ജസ്റ്റിസ് ലളിതിന്റെ ബഞ്ചിലേക്ക് തന്നെ കേസ് ലിസ്റ്റ് ചെയ്യപ്പെട്ടത്.

