തിരുവനന്തപുരം, ജൂൺ 1:
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്ത്. സർക്കാർ തീരുമാനം പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഗേഷിന്റെ ആരോപണം.
നേരത്തേ ഹൈക്കോടതിയും സുപ്രീം കോടതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി തള്ളിയിരുന്നുവെന്നും അതിനുശേഷം സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കുന്നത് ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മുകളിലല്ല മുഖ്യമന്ത്രി’
വി.ഡി. സതീശൻ കോടതികൾക്കുമുകളിലല്ലെന്ന് രാഗേഷ് വിമർശിച്ചു. കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതി നിർദേശപ്രകാരം പുനരന്വേഷണം നടന്നിരുന്നുവെന്നും, ചില കാര്യങ്ങൾ വിജിലൻസിന്റെ പരിഗണനയിൽ വന്നിട്ടില്ലെന്ന ചൂണ്ടിക്കാട്ടലിനെ തുടർന്നാണ് ഹൈക്കോടതി കൂടുതൽ അന്വേഷണം നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതനുസരിച്ച് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതായാണ് ഇപ്പോൾ അറിയുന്നതെന്നും, അതിനിടയിൽ സുപ്രീം കോടതി പോലും നിരസിച്ച സിബിഐ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും രാഗേഷ് ആരോപിച്ചു.
‘സിബിഐയിലും ഇഡിയിലും മാത്രം വിശ്വാസം’
സംസ്ഥാന അന്വേഷണ ഏജൻസികളേക്കാൾ വിശ്വാസം മുഖ്യമന്ത്രിക്ക് കേന്ദ്ര ഏജൻസികളിലാണെന്നും രാഗേഷ് വിമർശിച്ചു. നരേന്ദ്ര മോദിയുടെ സേനയായ സിബിഐയിലാണ് വി.ഡി. സതീശന് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ഡിയിലും സിബിഐയിലും മാത്രം വിശ്വസിക്കുന്ന സമീപനം കേരളത്തിന് അപകടകരമായ രാഷ്ട്രീയ സന്ദേശമാണ് നൽകുന്നതെന്നും, അതിന്റെ ഗൗരവം കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ.കെ. രാഗേഷ് പ്രസ്താവനയിൽ പറഞ്ഞു.