.കോട്ടയം: യുഡിഎഫ് മന്ത്രിസഭയിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധി ചാണ്ടി ഉമ്മനെ ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ. ചാണ്ടി ഉമ്മനെ മന്ത്രിയാക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും പൊതുസമൂഹം ഈ ചോദ്യം ഉന്നയിക്കുന്നുണ്ടെന്നും സഭയുടെ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത തിങ്കളാഴ്ച വ്യക്തമാക്കി.
കൃത്യമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ വൻ ഭൂരിപക്ഷം നേടി വിജയിച്ച യുവനേതാവ്
“ചാണ്ടി ഉമ്മൻ ഓർത്തഡോക്സ് സഭാംഗം എന്നതിലുപരി, കൃത്യമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ വൻ ഭൂരിപക്ഷം നേടി വിജയിച്ച യുവനേതാവാണ്. തനിക്ക് ലഭിച്ച ഉത്തരവാദിത്തം അദ്ദേഹം ഭംഗിയായി നിർവഹിച്ചു. ചാണ്ടി ഉമ്മൻ മന്ത്രിയാകുമെന്ന് ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഈ വിഷയത്തിൽ ജനവികാരം ശരിയായി മനസ്സിലാക്കാൻ മുന്നണി നേതൃത്വത്തിന് സാധിച്ചില്ലെന്നാണ് കരുതുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ ജനവികാരം തന്നെയാണ് പ്രതിഫലിച്ചത്.” – യൂഹാനോൻ മാർ ദിയസ്കോറസ് പറഞ്ഞു.
മധ്യതിരുവിതാംകൂർ മേഖലയ്ക്ക് ഒരു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും മാത്രമാണ് ലഭിച്ചത്
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മുൻപ് എൽഡിഎഫിനൊപ്പമായിരുന്ന മണ്ഡലങ്ങൾ ജനങ്ങൾ ഇത്തവണ യുഡിഎഫിന് തിരികെ നൽകിയ കാര്യം മെത്രാപ്പോലീത്ത ഓർമിപ്പിച്ചു. ഇത്രയും വലിയ വിജയം നൽകിയിട്ടും മധ്യതിരുവിതാംകൂർ മേഖലയ്ക്ക് ഒരു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും മാത്രമാണ് ലഭിച്ചത്. മുതിർന്ന രാഷ്ട്രീയ നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണനും പുതിയ മന്ത്രിസഭയിൽ മന്ത്രിസ്ഥാനത്തിന് പൂർണ അർഹനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.