അങ്കാറ | ഗസയില്‍ ആശുപത്രികള്‍ ബോംബിട്ടു തകര്‍ത്തവര്‍ ഇപ്പോള്‍ പരിതപിക്കുന്നതിനെ പരിഹസിച്ച് തുര്‍ക്കി പ്രസിഡന്റ് എര്ദോഗന്. ഇസ്റായേലിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിയ ബെഞ്ചമിന്‍ നെഹത്യാഹുവിനോട് ശക്തമായ ചോദ്യങ്ങളാണ് എര്ദോഗന് തിരിച്ചു ചോദിക്കുന്നത്. .
ഗസയില്‍ 700 ആശുപത്രികൾ തകർത്തവർ പരാതി പറയുന്നത് പരിഹാസ്യമാണെന്ന് എര്ദോഗന്
ഗസയില്‍ 700 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും തകര്‍ത്തവര്‍ ആശുപത്രി ആക്രമിക്കപ്പെട്ടതില്‍ പരാതി പറയുന്നത് പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്റാഈല്‍ ബീര്‍ഷെബയിലെ സോറോക്ക ആശുപത്രിയില്‍ ഇറാന് നടത്തിയ ആക്രമണത്തെ യു എന്‍ സുരക്ഷാ കൗണ്‍സില്‍ അപലപിക്കണമെന്നാണ് ഇസ്റാഈല്‍ ആവശ്യപ്പെട്ടത്. ഇറാന്റെ നടപടി യുദ്ധകുറ്റവും തീവ്രവാദവുമാണെന്നും ആക്രമിച്ചത് ജൂതര്‍ക്കും മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരുപോലെ ചികിത്സ നല്കുന്ന ആശുപത്രിയാണെന്നും ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തില്‍ 45 പേര്‍ക്ക് പരുക്കേറ്റുവെന്നും ഇസ്റായേല്‍ പരാതിപ്പെട്ടിരുന്നു. മിസൈല്‍ ആക്രമണത്തില്‍ ആശുപത്രികളില്‍ നാശനഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആക്രമണം കടുപ്പിക്കാന്‍ ബെഞ്ചമിന്‍ നെതന്യാഹു നിര്‍ദേശം നല്‍കുകയും ചെയ്തു.
ലക്ഷ്യമിട്ടത് ആശുപത്രിയല്ല
അതേസമയം ലക്ഷ്യമിട്ടത് ആശുപത്രിയല്ല, ഇസ്റാഈല്‍ പ്രതിരോധ സേന ഉപയോഗിച്ചിരുന്ന സമീപത്തെ ടെക്നോളജി പാര്‍ക്കാണെന്ന് ഇറാനിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന അവകാശപ്പെട്ടു. ഗാവ്-യാം നെഗേവ് ടെക്നോളജി പാര്‍ക്ക്, ബീര്‍ഷെബയിലെ സൊറോക്ക മെഡിക്കല്‍ സെന്ററില്‍ നിന്ന് ഒരു മൈലില്‍ താഴെ മാത്രം അകലെയാണ്. അവിടെയും ഇറാന് കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു..

