തിരുവനന്തപുരം: സ്പീക്കറുടെ ഡയസിലേക്കു പാഞ്ഞുകയറി മുദ്രാവാക്യം മുഴക്കിയ സംഭവവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസിലെ നാല് അംഗങ്ങള്‍ക്കു താക്കീത്. ഒക്ടോബർ 7 തിങ്കളാഴ്ച സ്പീക്കറുടെ ഡയസില്‍ കയറുകയും സ്പീക്കറുടെ മുഖം മറച്ചു ബാനർ പിടിക്കുകയും ചെയ്ത സംഭവത്തില്‍ മാത്യു കുഴല്നാടൻ, ഐ.സി. ബാലകൃഷ്ണൻ, അൻവർ സാദത്ത്, സജീവ് ജോസഫ് എന്നിവരെയാണു താക്കീത് ചെയ്തത്.
പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ബഹളമുണ്ടായത്
തിങ്കളാഴ്ച നിയമസഭയിലെ ‘മലപ്പുറ’വുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കാമെന്നു മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെ നടന്ന ബഹളമാണു നാല് അംഗങ്ങളുടെ താക്കീതിലേക്ക് എത്തിയത്. ചോദ്യോത്തര വേളയ്ക്കിടെ സഭയില്‍നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവിനെതിരേ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളുടെ പേരിലാണ് പിന്നീട് പ്രതിപക്ഷബഹളമുണ്ടായത്. ഇതിനിടെ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാർ സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറിയിരുന്നു
നാലു പേരുടെയും ഭാഗത്തു ഗുരുതര അവകാശ ലംഘനം,
ഡയസിലേക്കു ബലപ്രയോഗത്തിലൂടെ പാഞ്ഞുകയറി സഭാധ്യക്ഷനു നേർക്ക് പാഞ്ഞടുത്തത് സഭയുടെയും സഭാധ്യക്ഷന്റെയും പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്നു കണ്ടെത്തിയാണു നടപടി. നാലു പേരുടെയും ഭാഗത്തു ഗുരുതര അവകാശ ലംഘനം, പെരുമാറ്റച്ചട്ടലംഘനം, സഭയുടെ അന്തസിനു നിരക്കാത്ത പെരുമാറ്റം എന്നിവയുണ്ടായതായി പ്രമേയം അവതരിപ്പിച്ച മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
സഭയുടെ അന്തസിനു നിരക്കാത്തത്
തിങ്കളാഴ്ച നിയമസഭയില്‍ നടന്നത് എല്ലാ സീമകളും ലംഘിക്കുന്ന നടപടിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പീക്കറുടെ ഡയസിലേക്കു തള്ളിക്കയറിയവരെ തള്ളിപ്പറയാൻ പ്രതിപക്ഷനേതാവിനു കഴിയാത്തതു ദൗർഭാഗ്യകരമാണ്. സഭയുടെ അന്തസിനു ചേർന്നതല്ല. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്നു സമ്മതിച്ചിട്ടും അസാധാരണമായ സംഘർഷാവസ്ഥയുണ്ടായതിനു ന്യായമില്ല. ചർച്ച ഒഴിവാക്കുകയെന്ന ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണു തിങ്കളാഴ്ച സഭയില്‍ കണ്ടത്. സപീക്കർ സ്വീകരിച്ച നടപടികള്‍ സഭാചട്ടം അനുസരിച്ചുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏകപക്ഷീയ നടപടിയാണു സ്വീകരിച്ചത്
അതേസമയം, സഭയില്‍ പ്ലക്കാർഡും ബാനറും പിടിക്കുന്നത് ആദ്യമല്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സാധാരണ ഇത്തരം സന്ദർഭങ്ങളില്‍ സഭാനടപടി നിർത്തിവയ്ക്കുകയും കക്ഷിനേതാക്കളെ വിളിച്ചു ചർച്ച നടത്തുകയുമാണ് പതിവ്. എന്നാല്‍, തിങ്കളാഴ്ച അതൊന്നും ഉണ്ടായില്ല. പകരം ഏകപക്ഷീയ നടപടിയാണു സ്വീകരിച്ചത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയ അംഗത്തെ വിളിക്കാതെ നടപടി നിർത്തി. ആരാണു സഭയില്‍നിന്ന് ഒളിച്ചോടിയെന്നും പ്രമേയത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് ചോദിച്ചു.
