റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എന്‍റെ മകളെ തിരിച്ചുകിട്ടി; എല്ലാ പ്രാര്‍ഥനയ്ക്കും നന്ദി’; കണ്ണീരോടെ അമ്മ

November 28, 2023 - 6:50 pm

പ്രാണന്‍ കയ്യില്‍ പിടഞ്ഞ 20 മണിക്കൂറിന് ശേഷം കേരളത്തിന് മുന്നിലേക്ക് ആ അമ്മയെത്തി. ആറുവയസുകാരിയായ തന്‍റെ മകളെ തിരിച്ചു കിട്ടിയെന്നും പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്നും അബീഗേലിന്‍റെ അമ്മ കണ്ണീരോടെ മാധ്യമങ്ങളോട് പ്രതികരിച്ചു. അമ്മയുടെ വാക്കുകളിങ്ങനെ…’ഇന്നലെ വൈകിട്ട് എന്‍റെ കുഞ്ഞിനെ കാണാതെയായത് മുതല്‍ ഇന്ന് ഈ നേരം കുഞ്ഞിനെ കണ്ടുകിട്ടുന്നത് വരെ ഒപ്പം നിന്ന കേരള പൊലീസിനും, രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും , പള്ളിയിലുള്ളവര്‍ക്കും, തിരുമേനിമാര്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാവരോടും നന്ദി. കേരളത്തിനകത്തും പുറത്തും രാജ്യത്തിന് പുറത്ത് നിന്നുമെല്ലാമായി പ്രാര്‍ഥിച്ച എല്ലാവരോടും നിറഞ്ഞ നന്ദി. എന്‍റെ മകളെ തിരിച്ചു കിട്ടി. ഉടന്‍ തന്നെ വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് പറയുന്നത്..’കണ്ണീരോടെ അവര്‍ പറഞ്ഞു നിര്‍ത്തി. അനിയത്തിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു കുഞ്ഞ് ജൊനാഥന്‍റെ വാക്കുകള്‍.

ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ആറുവയസുകാരിയെ സുരക്ഷിതയായി തിരികെ കിട്ടിയത് ഒരു നാടിന്‍റെയൊന്നാകെ സന്തോഷമാകുന്നു. പിതാവിന്‍റെ സന്തോഷമെന്നാണ് അബീഗേല്‍ എന്ന വാക്കിന്‍റെ അര്‍ഥം. കേരളമൊന്നാകെ തിരഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ ആ ആറുവയസുകാരി ഒരുനാടിന്‍റെ സന്തോഷമായി മാറിയിരിക്കുകയാണ്. 20 മണിക്കൂറായി തോരാത്ത കണ്ണുനീരിനും ആശങ്കയ്ക്കും വേവലാതികള്‍ക്കും ഒടുവില്‍ സന്തോഷ വാര്‍ത്ത എത്തിയത് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് കേരളത്തിനൊന്നാകെ പകരുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും കണ്ടെത്തിയ അബീഗേലിന് പൊലീസുകാര്‍ ബിസ്കറ്റും വെള്ളവും നല്‍കി. കൈകളില്‍ കോരിയെടുത്ത് എആര്‍ ക്യാംപിലേക്ക് എത്തിച്ചു. വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാര്‍ ക്യാംപിലേക്ക് എത്തും. വൈകാതെ തന്നെ കുട്ടിയെ കുടുംബത്തിനരികില്‍ എത്തിക്കാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും പരിശ്രമത്തിന്‍റെ ഫലമായാണ് കുഞ്ഞിനെ കണ്ടെത്താനായതെന്നും നന്ദിയെന്നും നാട്ടുകാര്‍ പറഞ്ഞു. സിനിമകളില്‍ മാത്രമാണ് ഇങ്ങനെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്നതെന്നും ലക്ഷങ്ങള്‍ ആവശ്യപ്പെടുന്നതും കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ കുറ്റവാളികളെ വെറുതേ വിടരുതെന്നും നാട്ടുകാര്‍ പറയുന്നു. കുഞ്ഞിനെ കണ്ടെത്തിയ വാര്‍ത്തയോട് ആനന്ദക്കണ്ണീരോടെയാണ് ഓയൂരിലെ വീടിന് ചുറ്റും കൂടി നിന്ന നാട്ടുകാര്‍ പ്രതികരിച്ചത്. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബീഗേലിനെ പൊലീസ് കണ്ടെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *