റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് 16 കാരന്‍ ജീവനൊടുക്കി; പിന്നില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ ഭീഷണി

September 30, 2023 - 4:57 am

ലാപ് ടോപ്പില്‍ സിനിമ കണ്ടതിനു ശേഷം 16 കാരന്‍ ജീവനൊടുക്കിയത് വ്യാജ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പേരിലെന്നു വ്യക്തമാവുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളാണ് കുട്ടിയുടെ മരണത്തിന് പിന്നിലെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പേരില്‍ വ്യാജ സന്ദേശം കിട്ടിയതിനു പിന്നാലെയാണ് കോഴിക്കോട് ചേവായൂര്‍ സ്വദേശി ആദിനാഥ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ലാപ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെ, 33,000 രൂപ പിഴ അടക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും കാണിച്ചു നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പേരിലാണു വ്യാജ സന്ദേശമെത്തിയത്.
കുട്ടി എഴുതിവച്ച ആത്മഹത്യാക്കുറിപ്പില്‍ നിന്നാണ് വ്യാജ സന്ദേശത്തെ കുറിച്ച് വിവരം ലഭിച്ചത്. ഒരു വെബ്‌സൈറ്റില്‍ നിന്നു പോലീസിന്റെ സന്ദേശം ലഭിച്ചെന്നും പിഴയടക്കണമെന്നും കേസുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ലാപ്‌ടോപ്പില്‍ സിനിമ കണ്ടതല്ലാതെ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കത്തിലുണ്ടെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.
പോലീസ് ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍, ഒരു വെബ്‌സൈറ്റില്‍ ലാപ്‌ടോപ്പ് ലോക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തി. പിഴയടച്ചില്ലെങ്കില്‍ ലാപ്‌ടോപ്പ് അണ്‍ലോക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുമെന്ന് എഴുതിയിരുന്നു. വര്‍ഷങ്ങളോളം തടവില്‍ കഴിയേണ്ടി വരുമെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തുന്ന കാര്യങ്ങളാണു വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നത്. ചേവായൂര്‍ പോലീസും സൈബര്‍ പൊലീസുമാണു സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *