റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്കോർപ്പിയോ ബൈക്കിലിടിച്ചു. ; മണ്ണുത്തി ദേശീയപാതയിൽ യുവാവിന് ദാരുണാന്ത്യം

September 21, 2023 - 6:43 am

തൃശൂർ: സ്‌കോർപിയോ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പാവറട്ടി മുട്ടത്ത് വീട്ടിൽ സീജോ (52) ആണ് മരിച്ചത്. മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയിൽ ചുവന്നമണ്ണ് സെൻററിൽ 2023 സെപ്തംബർ 20 ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ചുവന്നമണ്ണ് സെന്ററിൽ യു ടേൺ തിരിയുന്നതിനായി സ്ലോ ട്രാക്കിൽനിന്നും സ്പീഡ് ട്രാക്കിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന സീജോയുടെ ബൈക്കിൽ സ്പീഡ് ട്രാക്കിലൂടെ വരികയായിരുന്ന സ്‌കോർപിയോ കാർ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് സീജോ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് സീജോയുടെ ദേഹത്തേക്ക് മറിയുകയും ചെയ്തു. ഇതേതുടർന്ന് ഗുരുതരമായി പരുക്കേറ്റ സീജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെൽസർ വാട്ടർ ടാങ്ക് സെയിൽസ് എക്‌സിക്യൂട്ടീവാണ് അപകടത്തിൽ മരിച്ച സീജോ. കാർ ഓടിച്ചിരുന്ന നേവി ഓഫീസർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ചുവന്നമണ്ണ് പാലത്തിന് താഴെയുള്ള ഡിവൈഡറുകൾ ദേശീയപാത നിർമാണത്തെ തുടർന്ന് പൊളിച്ചുമാറ്റിയതാണ് അപകടമുണ്ടാകാൻ വഴിയൊരുക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ ഇടതുവശത്തുകൂടി കടന്നുവരുന്ന വാഹനങ്ങൾ പെട്ടെന്ന് ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുകയും സ്പീഡ് ട്രാക്കിലൂടെ വരുന്ന വാഹനങ്ങൾക്ക് ഇവ ശ്രദ്ധയിൽ പെടാതിരിക്കുകയും ചെയ്യുന്നതാണ് അപകടത്തിന് കാരണം. എത്രയുംവേഗം പ്രദേശത്തെ ഡിവൈഡറുകൾ പുന:സ്ഥാപിക്കണമെന്ന് ചുവന്നമണ്ണിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *