ഇ ഡി ഉദ്യോഗസ്ഥർ വടികൊണ്ട് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണവുമായി വടക്കാഞ്ചേരി നഗരസഭ കൗൺസിലറും സിപിഐഎം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷൻ. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥർ മർദിച്ചന്നാണ് അരവിന്ദാക്ഷന്റെ പരാതി. ഇഡി ഉദ്യോഗസ്ഥർ വടികൊണ്ട് കൈയ്യിലും മുതുകിലും അടിച്ചുവെന്ന് അരവിന്ദാക്ഷൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ മർദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചി സെൻട്രൽ സി ഐ, ഇ ഡി ഓഫീസിലെത്തി പ്രാഥമിക അന്വേഷണം നടത്തി. ഇപി ജയരാജന്റെയും കെ രാധാകൃഷ്ണന്റെയും എ സി മൊയ്ദീന്റെയും പേര് പറഞ്ഞാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മകളുടെ വിവാഹ നിശ്ചയദിവസം വീട്ടിൽ വന്നു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അരവിന്ദാക്ഷൻ പറഞ്ഞു.
.പൊലീസ് മടങ്ങിയതിന് പിന്നാലെ നിയമവിദഗ്ധരുമായി ഇ ഡി ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി. കേന്ദ്ര ഏജൻസിയുമായി ബന്ധപ്പെട്ട കേസായതിനാൽ പൊലീസിന് നിയമോപദേശം തേടേണ്ടി വരും. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത അന്വേഷണം ആവശ്യമാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടാൽ കേന്ദ്ര ഏജൻസിയ്‌ക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും.
കേസെടുക്കുന്നതിൽ തീരുമാനം പിന്നീടെന്നാണ് പൊലീസ് നിലപാട്. പോലിസ് മടങ്ങിയതിന് പിന്നാലെ ഇഡി അഭിഭാഷകൻ സന്തോഷ് ഇഡി ആസ്ഥാനത്തെത്തി ഉദ്യോഗസ്ഥരുമായി കൂടി കാഴ്ച നടത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായും കൊച്ചി യൂണിറ്റ് കൂടിയാലോചന നടത്തിയിട്ടുണ്ട്. കരുവന്നൂർ കേസിലെ തുടർനടപടികൾ വേഗത്തിലാക്കാനാണ് നീക്കം. നേരത്തെ സ്വർണക്കടത്ത് കേസിൽ ഇഡിയും പോലീസും നേർക്കുനേർ ഏറ്റു മുട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും അതിനെതിരെ ഇ.ഡി. ഹൈക്കോടതിയെ സമീപിച്ച് തുടർനടപടികൾ സ്റ്റേ ചെയ്യുകയുമായിരുന്നു സംഭവിച്ചത്.

