തൃശൂർ : തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്‌ഐ ആമോദിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കേസ് പിൻവലിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് കാണിച്ച് എസ്‌ഐ ആമോദിനെതിരെ നെടുപുഴ സിഐ ടി ജി ദിലീപ് കുമാറാണ് കേസെടുത്തത്. തൃശൂർ എസ്പിയാണ് അപേക്ഷ നൽകിയത്. കേസെടുത്ത അന്ന് തന്നെ നടത്തിയ പരിശോധനയിൽ ആമോദ് മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിരുന്നു. 2023 ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം.
ആമോദ് പൊതുസ്ഥലത്ത് നിന്ന് മദ്യപിച്ചെന്നാരോപിച്ച് അബ്കാരി ആക്ട് പ്രകാരം സി ഐ ദിലീപ് കേസെടുക്കുകയായിരുന്നു. സിഐയുടെ റിപ്പോർട്ട് പ്രകാരം ആമോദിനെ 12 മണിക്കൂറിനുള്ളിൽ തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കേസിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിലുൾപ്പടെ എസ്.ഐ മദ്യപിച്ചിരുന്നില്ല എന്നായിരുന്നു കണ്ടെത്തൽ. ഇത് സാധൂകരിക്കുന്ന റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. തൃശ്ശൂരിലെ പൊലീസിന് ഇടയിൽ നിലനിൽക്കുന്ന പടലപിണക്കങ്ങളുടെ ഭാഗമാണ് കേസ് എന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

