നിപ പശ്ചാത്തലത്തിൽ കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനുള്ള തീരുമാനം മുൻകരുതലിന്റെ ഭാഗമായെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഓൺലൈൻ ക്ലാസുകൾക്ക് അവസരം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.
നിപ വ്യാപനമുള്ള പ്രദേശങ്ങളിൽ 2023 സെപ്തംബർ 15 വെളളിയാഴ്ച പ്രത്യേക യോഗങ്ങൾ ചേരും. സുരക്ഷ മുന്നിൽ കണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി, ആരോഗ്യമന്ത്രി വീണ ജോർജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഇതിലാണ് അവധി നൽകാനുള്ള തീരുമാനമുണ്ടായത്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പ്രതിരോധ നടപടികൾ നടത്തുന്നത്. പഞ്ചായത്ത് ഭരണാധികാരികളെ കൂടി പങ്കെടുപ്പിച്ചാണ് യോഗങ്ങൾ നടത്തുന്നത്. വെള്ളിയാഴ്ച എല്ലാ രാഷ്ട്രീയ പാർട്ടി ജില്ലാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് ഓൺലൈനായി സർവകക്ഷി യോഗം നടത്തുമെന്നും പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
കോഴിക്കോട് ജില്ലയിലെ അംഗനവാടികൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളജുകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈനായി പരീക്ഷ നടത്താം. ജില്ലയിൽ പത്ത് ദിവസത്തേക്ക് പൊതുപരിപാടികൾ നിരോധിച്ചിട്ടുണ്ട്. സെപ്തംബർ 14 ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം 15 ലേക്ക് മാറ്റിവച്ചു.
അതേസമയം ജില്ലയിൽ ഒരാൾക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. 24കാരനായ ആരോഗ്യപ്രവർത്തകനാണ് രോഗം. ആദ്യം നിപ സ്ഥിരീകരിച്ച് മരണപ്പെട്ടയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളാണ് ആരോഗ്യപ്രവർത്തകൻ. മരിച്ച വ്യക്തി ചികിത്സയിലുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ജോലി ചെയ്യുന്നത്. മൂന്ന് പേർക്കാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ അഞ്ച് സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു ഇതിലൊരു സാമ്പിൾ ഫലമാണ് പോസിറ്റീവായത്.

