റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലത്ത് തീരദേശ ഹൈവേ പദ്ധതിയിൽ വ്യാപക പ്രതിഷേധം ;സർവ്വേ നടപടികൾ പ്രതിസന്ധിയിൽ

August 18, 2023 - 10:47 am

കൊല്ലം: തീരദേശഹൈവേയ്ക്കായി സ്ഥലം വിട്ടുനൽകുന്നവർക്കുള്ള നഷ്ടപരിഹാരപേക്കേജിനും അലൈൻമെൻറിനുമെതിരെ കൊല്ലം ജില്ലയിൽ വ്യാപക പ്രതിഷേധം. നഷ്ടപരിഹാരത്തുകയെക്കുറിച്ച് വ്യക്തതയില്ലാതെ സ്ഥലം വിട്ടുനൽകില്ലെന്ന നിലപാടിൽ തീരവാസികൾ. എതിർപ്പ് ശക്തമായതോടെ ജില്ലയിൽ സർവ്വേ നടപടികൾ പ്രതിസന്ധിയിലായി.

നഷ്ടപരിഹാരത്തുക എത്രയെന്ന് അറിയിക്കാതെ അലൈൻമെൻറിനെക്കുറിച്ച് സൂചന പോലും നൽകാതെ സർവ്വേ വീണ്ടും തുടങ്ങിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വീട്ടുമുറ്റത്ത് വരെ കല്ലുകളിട്ട് സ്ഥലം തിട്ടപ്പെടുത്തിയുള്ള നീക്കത്തിനെതിരെ നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചു. ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ അല്ലെങ്കിൽ 600 ചതുരശ്ര അടി ഫ്ലാറ്റ് എന്നതാണ് പാക്കേജ്. ഇതിൽ അസംതൃപ്തരാണ് തീരവാസികൾ.

പ്രതിഷേധം കനത്തതോടെ ഇരവിപുരത്ത് നിന്ന് പുനരാരംഭിച്ച കല്ലിടൽ വീണ്ടും നിലച്ചു. ദേശീയപാതാ വികസന മോഡൽ നഷ്ടപരിഹാരമാണ് തീരവാസികളുടെ ആവശ്യം. പദ്ധതി ആരാധനാലയങ്ങളെ ബാധിക്കുന്നതിനാൽ മുണ്ടയ്ക്കൽ പാപനാശം മുതൽ പോർട്ട് വരെയുള്ള പാതയുടെ അലൈൻമെൻറിൽ മാറ്റം വരുത്തണമെന്ന ആവശ്യവുമുണ്ട്. ജനങ്ങളുമായി ചർച്ച നടത്താതെയാണ് ജില്ലയിൽ 57 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതെന്നും പരാതിയുണ്ട്. ദേശീയപാത 66ലെ 9 കിലോമീറ്റർ സഹിതം കൊല്ലം ജില്ലയിൽ 51 കിലോമീറ്ററാണ് നിർദ്ദിഷ്ട തീരദേശപാതയുടെ നീളം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *