റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് കെപിസിസി; മല്ലികാർജ്ജുൻ ഖാർഗേയ്ക്ക് കത്ത് നൽകി

August 12, 2023 - 1:57 pm

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കോടതി നീക്കിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കെപിസിസി. തിരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേയ്ക്ക് കത്ത് നൽകി. പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ചാണ്ടി ഉമ്മനും ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹർജിയിലായിരുന്നു യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം ഹർജി ഷഹബാസ് വടേരി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. ഇതോടെ ഓൺലൈനായുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി യൂത്ത് കോൺഗ്രസിന് മുന്നോട്ട് പോകാമെന്നിരിക്കെയാണ് കെപിസിസിയുടെ പുതിയ നീക്കം.

വോട്ടർ പട്ടികയില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് ചട്ടലംഘനമാണെന്ന് കാണിച്ചായിരുന്നു ഷഹബാസ് വടേരി കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹരജി നൽകിയത്. ഹര്‍ജി പരിശോധിച്ച് തിരഞ്ഞെടുപ്പ് നിർത്തി വയ്ക്കാനും ഭരണഘടന ഹാജരാക്കാനും പ്രിൻസിപ്പൽ മുനിസിഫ് മജിസ്ട്രേറ്റ് ടി ആൻസി ഉത്തരവിട്ടെങ്കിലും ഓൺലൈൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാസാക്കിയ പ്രമേയമാണ് യൂത്ത് കോൺഗ്രസ് ഹാജരാക്കിയത്. എന്നാൽ ഇതു സംബന്ധിച്ച ഹര്‍ജി പരാതിക്കാരൻ പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്.

ഗ്രൂപ്പ് പോര് ശക്തമായിരിക്കെ നേരത്തേ തന്നെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യം മുതിർന്ന നേതാക്കൾക്കുണ്ടായിരുന്നു. ഇക്കാര്യം വി ഡി സതീശനും കെ സുധാകരനുമടക്കം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടി വന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *