കൊവിഡ്: ബിസിനസ് ലോണെടുത്ത് ലംബോര്‍ഗിനി വാങ്ങി അടിച്ചുപൊളിച്ച യുവാവ് അറസ്റ്റില്‍

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നല്‍കിയ ലോണ്‍ തുകയെടുത്ത് ലംബോര്‍ഗിനിയും ആഡംബര വസ്തുക്കളും വാങ്ങിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡ മിയാമി സ്വദേശി ഡേവിഡ് ടി ഹിന്‍സ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. കൊവിഡ് കാരണം ജോലിയും കൂലിയുമില്ലാതെ ജനം നട്ടം തിരിയുകയാണ്. ജോലി നഷ്ടപ്പെട്ടവരെയും ബിസിനസ് പൊളിഞ്ഞവരെയും സഹായിക്കാനാണ് തുക അനുവദിക്കുന്നത്. സ്വയംതൊഴില്‍ കണ്ടെത്തുകയോ പ്രത്യുല്‍പാദനപരമായ എന്തെങ്കിലും കാര്യത്തിന് വിനിയോഗിക്കുകയോ ചെയ്യണമെന്നാണ് നിബന്ധന. പ്രതിസന്ധിയില്‍നിന്ന് കരകയറാനാണ് കൊറോണ വൈറസ് റിലീഫ് ലോണ്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഇയാള്‍ക്ക് 1.25 കോടി രൂപ വായ്പ നല്‍കിയത്.

തന്റെ വ്യവസായ സംരംഭത്തിലെ ജോലിക്കാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള ശമ്പളകുടിശിക നല്‍കാനാണ് ലോണിന് അപേക്ഷിച്ചത്. എന്നാല്‍, ഇത് വ്യാജമായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. ഇയാള്‍ക്ക് വ്യവസായ സംരംഭവുമില്ല, ശമ്പളക്കാരുമില്ല അവര്‍ക്ക് കുടിശികയുമില്ല. ബാങ്കില്‍നിന്ന് തുക ലഭിച്ചയുടന്‍ 3,18,000 ഡോളര്‍ കൊടുത്ത് ലംബോര്‍ഗിനിയുടെ പുതിയ എഡിഷന്‍ പോഷ് കാറൊന്ന് വാങ്ങി. വിലകൂടിയ ആഭരണങ്ങളും വിലകൂടിയ വസ്ത്രങ്ങളും വാങ്ങുകയും ലോകപ്രശസ്ത സുഖവാസകേന്ദ്രമായ മിയാമി ബീച്ചിനുസമീപം റിസോര്‍ട്ടില്‍ മുറിയെടുത്ത് തങ്ങുകയും ചെയ്തു.

ജൂലൈ 11ന് ഇവിടെനിന്ന് മടങ്ങവേ ലംബോര്‍ഗിനി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയും നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹിന്‍സിനെ പിടികൂടിയത്. ചോദ്യംചെയ്യലില്‍ വിവരങ്ങള്‍ പുറത്തായി. ഉടന്‍ അക്കൗണ്ട് മരവിപ്പിച്ച് ബാക്കിയുണ്ടായിരുന്ന തുക തിരിച്ചെടുത്തു. വെള്ളിയാഴ്ചയാണ് ഹിന്‍സിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടു. മാതാവിന്റെ വീട്ടില്‍ കഴിയുന്ന ഹിന്‍സിനെ ജിപിഎസ് ട്രാക്കര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബര്‍ 14ന് കോടതി വിസ്തരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →