പൗരത്വ രജിസ്റ്ററും മെയ്തികളും: ജന്തര്‍ മന്ദറില്‍ സംഭവിക്കുന്നതെന്ത്?

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ മെയ്തി വിഭാഗം 14/05/23 ഞായറാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ പ്രതിഷേധവുമായെത്തി. പട്ടികവര്‍ഗ വിഭാഗത്തില്‍ (എസ്.ടി) ഉള്‍പ്പെടുത്തണമെന്ന മെയ്തികളുടെ ആവശ്യത്തിനു പിന്നാലെ ഈ മാസം ആദ്യം വലിയ അക്രമങ്ങളാണ് മണിപ്പുരില്‍ അരങ്ങേറിയത്. മെയ്തി സമുദായവും ഗോത്രവിഭാഗമായ കുക്കി സമുദായവുമായാണ് സംഘര്‍ഷം അരങ്ങേറിയത്.

കുക്കികള്‍ക്കു ഭൂപരിപക്ഷമുള്ള കുന്നിന്‍ പ്രദേശങ്ങളില്‍നിന്ന് മെയ്തികള്‍ വീടുവിട്ടുപോയെന്നും അവര്‍ക്ക് മടങ്ങാന്‍ കഴിയുന്നില്ലെന്നും ജന്തര്‍ മന്ദിറില്‍ എത്തിയവര്‍ ചൂണ്ടിക്കാട്ടി. എന്‍.ആര്‍.സി അവസാനമായി നടത്തിയത് അസമിലാണ്. അവിടെ പലരും തങ്ങളെ വിദേശികളായി തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചിരുന്നു. ഒടുവില്‍ വിദേശികളുടെ ട്രിബ്യൂണലുകളെയും കോടതികളെയും സമീപിക്കേണ്ട സ്ഥിതിയും അവര്‍ക്കുണ്ടായി.

മണിപ്പുരില്‍ അനധികൃത കുടിയേറ്റക്കാരുടെ പ്രവേശനം തിരിച്ചറിയേണ്ടതുണ്ടെന്ന് വേള്‍ഡ് മെയ്തി കൗണ്‍സില്‍ ചെയര്‍മാന്‍ ഹൈഗ്രുജം നബശ്യാം പറഞ്ഞു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മണിപ്പൂരിലെ എല്ലാ തദ്ദേശീയ സമൂഹങ്ങളെയും സംരക്ഷിക്കാന്‍ ഇത് സഹായിക്കും. സായുധ- വിമത വിഭാഗങ്ങളുടെ പിന്തുണയോടെ അനധികൃത കുടിയേറ്റക്കാര്‍ തദ്ദേശീയര്‍ക്കുെേനരേ ആസൂത്രിത അതിക്രമങ്ങള്‍ ഉയര്‍ത്തി. 1993 മുതല്‍ ഇതായിരുന്നു സ്ഥിതി. ഇത് എന്ത് വിലകൊടുത്തും അവസാനിപ്പിക്കണമെന്നും നബശ്യാം പറഞ്ഞു.

കഴിഞ്ഞ 11 വര്‍ഷമായി നിലനില്‍പ്പിനായും ഭരണഘടനാപരമായ സംരക്ഷണത്തിനായുമാണ് മെയ്തികളുടെ മുറവിളി. അയല്‍രാജ്യമായ മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കാണ് മെയ്തികള്‍ക്കു വെല്ലുവിളിയായത്. ഇത് മേഖലയിലെ ജനസംഖ്യാശാസ്ത്രത്തെത്തന്നെ മാറ്റിമറിച്ചു. ഇനി ഭരണഘടനാപരമായ സംരക്ഷണം കിട്ടിയിട്ടേ കാര്യമുള്ളൂ എന്നും മെയ്തികള്‍ പറഞ്ഞു.

അതിനിടെ, മണിപ്പൂരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ ജനം ജാഗ്രത പാലിക്കണമെന്ന്‌ സൈന്യം അഭ്യര്‍ഥിച്ചു. ഇതേസമയം, മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് മണിപ്പൂരിലെ മോറെയില്‍ കുടിയിറക്കപ്പെട്ട 124 പേരെ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ അസം റൈഫിള്‍സും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളും സഹായിച്ചതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, മണിപ്പുര്‍ കലാപം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരെ ധരിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി. ബിരേന്‍ സിങ്ങിനെക്കൂടാതെ നാല് കാബിനറ്റ് മന്ത്രിമാര്‍, സംസ്ഥാന ബി.ജെ.പി. അധ്യക്ഷ ശാര്‍ദാ ദേവി എന്നിവരും സംഘത്തിലുണ്ട്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →