റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ : ജില്ലയുടെ തീരദേശ മേഖലയുള്‍പ്പെടുന്ന ചാവക്കാട് കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ തീരദേശങ്ങളില്‍ കോവിഡ് രോഗപ്രതിരോധ മുന്നൊരുക്കങ്ങള്‍ കര്‍ശനമാക്കുമെന്നും വേണ്ടിവന്നാല്‍ അടച്ചിടല്‍ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ വ്യക്തമാക്കി. കോവിഡ് 19 രോഗവ്യാപനമേറുന്ന സാഹചര്യത്തില്‍ ചാവക്കാട്, കൊടുങ്ങല്ലൂര്‍ താലൂക്കുകളിലെ തീരദേശ മേഖലയിലെ പ്രശ്നങ്ങള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത അടിയന്തിര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് താലൂക്കുകളിലേയും തീരദേശ മേഖലയിലെ പ്രവര്‍ത്തനങ്ങളും പ്രശ്നങ്ങളും യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. ചാവക്കാട് മിനി സിവില്‍ സ്റ്റേഷനിലായിരുന്നു യോഗം. യോഗതീരുമാനമനുസരിച്ച് ഇരു താലൂക്കുകളിലേയും തുറമുഖങ്ങളിലെ മത്സ്യംലേലം നിരോധിച്ചു.

മാര്‍ക്കറ്റുകളില്‍ കൂട്ടംകൂടാനുള്ള സാഹചര്യങ്ങള്‍ ജനങ്ങള്‍ ഒഴിവാക്കണം. സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് മാസ്‌കും ഗ്ലാസും നിര്‍ബന്ധമാക്കും. അകലം പാലിക്കാതെ നടത്തുന്ന എല്ലാ കച്ചവടവും നിര്‍ത്തലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി. ജില്ലയുടെ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ വരുന്നതും പോകുന്നതും തടയും. അനധികൃത ലേലം നടത്തുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പോലീസ് നിയമ നടപടികള്‍ സ്വീകരിക്കും.

ചാവക്കാട് മാര്‍ക്കറ്റ്, അഴീക്കോട് ഫിഷിങ്ങ് ഹാര്‍ബര്‍, കോട്ടപ്പുറം മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. എല്ലാ ദിവസവും മാര്‍ക്കറ്റ് എന്നത് ചുരുക്കി ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം എന്ന് നിജപ്പെടുത്തും. കച്ചവടക്കാര്‍ക്ക് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ കച്ചവടം നടത്താനുള്ള സൗകര്യം ഒരുക്കും. സാധനങ്ങള്‍ എടുത്തു നോക്കി വാങ്ങുന്നത് ഒഴിവാക്കണം. ഭക്ഷ്യ സുരക്ഷ വകുപ്പ്, റാപ്പിഡ് റസ്പോണ്‍സ് ടീം എന്നിവര്‍ വാര്‍ഡ് തലത്തില്‍ വഴിയോര വില്‍പ്പന നടത്തുന്ന ഭക്ഷണ സുരക്ഷ ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമല്ലാതെ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. പോലീസ് പട്രോളിങ് ശക്തമാക്കും. കടല്‍ക്ഷോഭം കാണാന്‍ വരുന്നവര്‍ക്ക് കനത്ത പിഴ ഏര്‍പ്പെടുത്തി. അവരുടെ ലൈസന്‍സ് റദ്ദാക്കും. മൂന്ന്പീടിക, എടമുട്ടം, പടന്ന, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ അനധികൃത മത്സ്യവില്‍പന അനുവദിക്കില്ല.

പ്രകൃതി ദുരന്തത്തെ മുന്‍കൂട്ടി കണ്ടുകൊണ്ട് ഡിസാസ്റ്റര്‍ മാനേജ്മെന്റ്കള്‍ നേരത്തെ തന്നെ പുനരധിവാസ കേന്ദ്രങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി എ സി മൊയ്തീന്‍ നിര്‍ദേശം നല്‍കി. ചാവക്കാട് താലൂക്കിലെ കടപ്പുറം മുനക്കകടവ്, ചേറ്റുവ എന്നീ ഹാര്‍ബറുകളില്‍ കടല്‍ക്ഷോഭം തടയാന്‍ കുറവുള്ള ജിയോ ബാഗുകള്‍ അടിയന്തരമായി വിരിക്കും. കൊടുങ്ങല്ലൂര്‍ താലൂക്കിലെ എറിയാട്, എടവിലങ്ങ്, എസ്എന്‍പുരം എന്നിവിടങ്ങളില്‍ കടല്‍വെളളം കയറാതിരിക്കാന്‍ ആവശ്യമായ ജിയോബാഗ് ലഭ്യമാക്കും. പുനര്‍ഗേഹം പദ്ധതി ദ്രുതഗതിയിലാക്കാന്‍ ഏകജാലകസംവിധാനം ഏര്‍പ്പെടുത്തും. പുറത്ത് നിന്നുളള യാനങ്ങള്‍ അഴീക്കോട് ഹാര്‍ബറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കോവിഡ് വ്യാപനത്തെ നേരിടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്ലാന്‍ ഫ്രണ്ടിന്റെ മൂന്നാംഘട്ടം ഉടന്‍തന്നെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു.

യോഗത്തില്‍ ടി എന്‍ പ്രതാപന്‍ എംപി, എംഎല്‍എമാരായ കെ വി അബ്ദുള്‍ഖാദര്‍, ഗീത ഗോപി, മുരളി പെരുനെല്ലി, വി ആര്‍ സുനില്‍കുമാര്‍, ഇ ടി ടൈസണ്‍മാസ്റ്റര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, മറ്റ് തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ യോഗത്തിനുശേഷം മന്ത്രി എ സി മൊയ്തീന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, ജനപ്രതിനിധികള്‍ എന്നിവര്‍ ചാവക്കാട് താലൂക്കിലെ കടല്‍ക്ഷോഭമുളള അഞ്ചങ്ങാടി പ്രദേശം സന്ദര്‍ശിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6301/covid-meeting-by-minister-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *