തൃശൂര്‍: ബി.ജെ.പിക്കു കേരളത്തില്‍ ലഭിക്കുന്ന വോട്ടുകള്‍ കുറഞ്ഞുവരുന്നതു കാണാതെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുമ്പ് 16 ശതമാനത്തോളം വോട്ട് നേടിയ ബി.ജെ.പിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് 12 ശതമാനമായി കുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഓരോ സ്ഥലത്തും പ്രാദേശിക നീക്കുപോക്കും സഖ്യവുമുണ്ടാക്കുകയെന്നതാണ് സി.പി.എം. നയമെന്നു ത്രിപുര നിലപാട് വിശദീകരിച്ച് എം.വി. ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ചാരിറ്റിയെ രാഷ്ട്രീയമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ സുരേഷ്‌ഗോപി അടക്കം നോക്കുന്നത്. 365 ദിവസം തൃശൂരില്‍ തങ്ങിയാലും അദ്ദേഹം ജയിക്കാന്‍ പോകുന്നില്ല. പണാധിപത്യ പ്രക്രിയയിലേക്ക് ജനാധിപത്യത്തെ മാറ്റാനാണ് പലരും ശ്രമിക്കുന്നത്.
ആര്‍.എസ്.എസും ജമാ അത്തെ ഇസ്ലാമിയും അടക്കമുള്ള വര്‍ഗീയശക്തികള്‍ പരസ്പരം ഏറ്റുമുട്ടിയാലും ഒരു ഭാഗം ക്ഷീണിക്കുന്നില്ലെന്നതാണ് അനുഭവം. മറിച്ച് ഇരുകൂട്ടരും ശക്തിപ്പെടുകയാണു ചെയ്യുന്നത്. അതിനാലാണ് വര്‍ഗീയസംഘടനകള്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിനെ ഉല്‍ക്കണ്ഠയോടെ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മനുസ്മൃതി എന്നത് ചാതുര്‍വര്‍ണ്യത്തെ പുനരുജ്ജീവിപ്പിക്കലാണ്. കാട്ടാളതുല്യമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. രാഹുല്‍ ഗാന്ധി കഴിഞ്ഞവട്ടം കേരളത്തില്‍ വന്നു മത്സരിച്ചു ജയിച്ചു. പലതും പറഞ്ഞായിരുന്നു വന്നത്. അതുപോലെ ഇപ്രാവശ്യവും ജനത്തെ പറ്റിക്കാന്‍ കഴിയുമോ എന്നും ഗോവിന്ദന്‍ പരിഹസിച്ചു.
ആടിനെ പട്ടിയാക്കുന്ന പ്രചാരണശൃംഖലയില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടരുത്. വാര്‍ത്താചാനല്‍ ഓഫീസില്‍ എസ്.എഫ്.ഐക്കാര്‍ കയറിയത് എന്തു പ്രതിഷേധത്തിന്റെ ഭാഗമായാണെന്ന് ആരും അന്വേഷിക്കുന്നില്ല. മാധ്യമങ്ങള്‍ക്കെതിരേ ഒരു അക്രമവും പാടില്ല എന്നതാണ് സി.പി.എം. നയം.
എസ്.എഫ്.ഐ. പ്രതിഷേധം അതിരുകടന്നതാണെങ്കില്‍ നടപടി വേണം. പോലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ സംവാദത്തിനും വ്യാജ രാഷ്ട്രീയ നിര്‍മിതിക്കുമാണ് നീക്കമെങ്കില്‍ അതു വ്യാജ ജനാധിപത്യത്തിന് വഴിവയ്ക്കും. കേരളത്തിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച് കേന്ദ്രമന്ത്രി അമിത്ഷായുമായി മാത്രമല്ല, ആരുമായും സംവാദത്തിന് തയാറാണെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. പി.കെ. ബിജു, എ.സി. മൊയ്തീന്‍, ജെയ്ക് സി. തോമസ്, എം.കെ. കണ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



