കുള്‍പി(പശ്ചിമ ബംഗാള്‍): ഖിദേര്‍പോര്‍ തുറമുഖത്ത് നിന്നും ബംഗ്ലാദേശിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന എംവി റഫ്സന്‍ ഹബീബ്-3 എന്ന കപ്പല്‍ എതിരെ വന്ന ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കുള്‍പിയിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് എതിരെ വന്ന കപ്പല്‍ ദൃശ്യമാകാതിരുന്നതാണ് അപകടത്തിന് കാരണം. ഇടിയുടെ ആഘാതത്തില്‍, ഖിദേര്‍പോര്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പലില്‍ വിള്ളല്‍ രൂപപ്പെടുകയും ഉള്ളില്‍ വെള്ളം കയറുകയും ചെയ്തതോടെ മുങ്ങി.
അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാരെ രക്ഷപ്പെടുത്തി. കപ്പലിലെ ജീവനക്കാര്‍ അലാം മുഴക്കിയതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ അപകടം തിരിച്ചറിഞ്ഞത്. വൈകാതെ കുള്‍പി പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.



